യു.എസ്സിൽ മക്‌ഡൊണാൾഡ്‌സ് ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ, നിരവധി പേർ ചികിത്സയിൽ
വാഷിങ്ടണ്‍: അമേരിക്കയില്‍ മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ വന്‍ ഭക്ഷ്യവിഷബാധ. വിവിധ സംസ്ഥാനങ്ങളിലായി നിരവധിപേര്‍ ചികിത്സ തേടിയിട്ടുണ്ട്. കൊളാറോഡോയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സി.ഡി.സി) അറിയിച്ചു.
സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 11 വരെയുള്ള കാലയളവിലാണ് മക്‌ഡൊണാള്‍ഡ്‌സിന്റെ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടത്. ബര്‍ഗര്‍ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 10 വെസ്‌റ്റേണ്‍ സംസ്ഥാനങ്ങളിലേക്ക് ഇത് വ്യാപിക്കുകയും ചെയ്തു. കൊളാറോഡോ, നെബ്രസ്‌ക മേഖലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
രോഗികളുടെ ശരീരത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതേസമയം ബാക്ടീരിയ ഭക്ഷ്യപദാര്‍ഥങ്ങളില്‍ കടന്നുവന്നതിനെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. ഉള്ളിയില്‍ നിന്നോ ബീഫില്‍ നിന്നോ ആയിരിക്കാമെന്നാണ് സംശയിക്കുന്നത്. റസ്റ്ററന്റുകളില്‍ നിന്ന് ഇവ നീക്കം ചെയ്തിട്ടുണ്ട്.
ഭക്ഷ്യസുരക്ഷക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായ ഉത്പന്നങ്ങള്‍ താത്കാലികമായി ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മക്‌ഡൊണാള്‍ഡ്‌സ് പ്രസിഡന്റ് ജോ എര്‍ലിങ്കര്‍ പറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഇത് ബാധിച്ചിട്ടില്ലെന്നും ബാധിച്ച സംസ്ഥാനങ്ങളില്‍ മറ്റ് ബീഫ് ഉത്പന്നങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യവിഷബാധയേറ്റവര്‍ ഏഴ് ദിവസത്തിനുള്ളില്‍ ചികിത്സ തേടാതെ തന്നെ സുഖം പ്രാപിച്ചുവരുന്നുണ്ട്. എന്നാല്‍ ചിലരെ ഇത് ഗുരുതരമായി ബാധിക്കുകയും ആശുപത്രിയില്‍ ചികിത്സ തേടേണ്ടതായും വരുന്നുണ്ട്.