തിരുവനന്തപുരം: കരിമണൽ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആർഎൽ കമ്പനിക്കായും അവർ പ്രമോട്ട് ചെയ്യുന്ന കെആർഎംഇഎൽ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടൽ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, സിഎംആർഎൽ കമ്പനിയിൽനിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ എംഎൽഎ.
മാസപ്പടി കേസിലെ യഥാർഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടൻ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലിൽ നിർത്തുന്നതെന്നും കുഴൽനാടൻ ചോദിച്ചു. ഈ വിഷയത്തിൽ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴൽനാടൻ സംവാദത്തിനു വെല്ലുവിളിച്ചു.
സിഎംആർഎലിനും കെആർഎംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതൽ ഇടപെടലുകൾ നടത്തിയതിന്റെ തെളിവുകൾ കുഴൽനാടൻ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തിൽ, സിഎംആർഎലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം.
നൽകാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎലിൽനിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തിൽ, മുഖ്യമന്ത്രിയാണ് യഥാർഥ പ്രതിയെന്നു വ്യക്തമാക്കി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് കുഴൽനാടൻ ഈ ആരോപണങ്ങൾ ഉയർത്തിയത്.
ഭൂപരിധി ചട്ടത്തിൽ ഇളവുതേടിയ കെആർഇഎംഎൽ കമ്പനിക്കായി റവന്യൂവകുപ്പിനെ മറികടന്ന് മുഖ്യമന്ത്രി ഇടപെടൽ നടത്തിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ കമ്പനിക്ക് മാസപ്പടി നൽകിയെന്ന് ആരോപിക്കപ്പെടുന്ന സിഎംആർഎൽ പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ് കെആർഇഎംഎൽ. അവർ വാങ്ങിയ തൃക്കുന്നപ്പുഴയിലെ 51 ഏക്കർ ഭൂമിക്കായി മുഖ്യമന്ത്രി നിയമവിരുദ്ധമായി ഇടപെട്ടെന്നാണ് കുഴൽനാടൻ ആരോപിക്കുന്നത്.
കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവു തേടി കെആർഇഎംഎൽ സർക്കാരിനെ സമീപിച്ചിരുന്നു. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഈ അപേക്ഷ നേരത്തേ തള്ളിയെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും അപേക്ഷ നൽകാൻ അവസരമൊരുക്കി. തുടർന്ന് ജില്ലാ സമിതി ഇളവിനായി ലാൻഡ് ബോർഡിന് ശുപാർശ നൽകി. റവന്യൂ വകുപ്പ് തീർപ്പാക്കിയ വിഷയത്തിൽ മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു. ഭൂപരിഷ്കരണ നിയമം മറികടക്കാൻ മന്ത്രിസഭയിൽ കുറിപ്പ് കൊണ്ടുവന്നു.
സിഎംആർഎലിനു നൽകിയ കരാർ നിലനിർത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ പ്രത്യേക ഇടപെടലുമായി ബന്ധപ്പെട്ട് ഉന്നയിച്ച് ചോദ്യങ്ങൾക്ക് വ്യവസായ വകുപ്പോ മുഖ്യമന്ത്രിയോ സിപിഎമ്മോ മറുപടി നൽകിയിട്ടില്ലെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടതിന്റെ തെളിവു പുറത്തുവിട്ടിട്ടും കൃത്യമായ മറുപടി നൽകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വ്യവസായ മന്ത്രി നൽകിയത് ഒറ്റ വരി മറുപടി മാത്രമാണെന്ന് കുഴൽനാടൻ പറഞ്ഞു.
കഴിഞ്ഞ 1000 ദിവസമായി തോട്ടപ്പള്ളിയിലെ ഖനനം സിഎംആർഎലിന് ഗുണമുണ്ടാക്കുന്ന വിധത്തിലാണ്. ഇതിനകം 40,000 കോടി രൂപയുടെ കരിമണൽ ഖനനം ചെയ്തെടുത്തു. തോട്ടപ്പള്ളിയിൽ കെആർഇഎംഎൽ സ്ഥലം വാങ്ങിയതിലും ദുരൂഹതയുണ്ട്. ഭൂപരിധി നിയമം ലംഘിച്ചാണ് ഇടപാടു നടന്നത്. ഭൂപരിധി നിയമത്തിൽ ഇളവുതേടി കെആർഇഎംഎൽ സർക്കാരിനെ സമീപിച്ചതിന്റെ തെളിവും കുഴൽനാടൻ പുറത്തുവിട്ടു.