പത്തനംതിട്ട : കോന്നി വകയാറിലെ നാല് വീടുകളിൽ ഓരേ രീതിയിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയവരാണ് വീടുകളിൽ കയറി മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന രണ്ട് പേരും ഷർട്ട് ധരിച്ചിട്ടില്ല. മുഖവും തലയും പൂർണമായും മൂടിയ നിലയിലാണ്. വളരെ തന്ത്രപരമായാണ് പ്രതികൾ വീടുകളിലേക്ക് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
വകയാർ സ്വദേശി ഓമനയുടെ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. മുറിയിലെ പേഴ്സിലുണ്ടായിരുന്ന 4000 രൂപ കവർന്നു. ശബ്ദം കേട്ട് ഓമന ഉണർന്നതോടെ രണ്ട് പേരും ഓടി. പുത്തൻപുരയ്ക്കൽ പി എം മാത്യുവിന്റെ വീട്ടിലാണ് രണ്ടാമത്തെ മോഷണം. ഇവിടെ നിന്ന് ഡയമണ്ട് ലോക്കറ്റ്, കുവൈറ്റ് ദിനാർ, എന്നിവ മോഷ്ടിച്ചു.
വെള്ളപ്പാറ സ്വദേശി ജോസിന്റെ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വർണമാലയും പതിനായിരം രൂപയുമാണ്. വകയാറിലെ ഗണേഷന്റെ വീട്ടിൽ കയറാൻ ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. എല്ലാ വീടുകളിലും പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി