FeaturedKeralaNews

കടുവ പിന്നിൽ നിന്ന് ചാടി എന്‍റെ മുകളിലേക്ക് വീണു’; ആക്രമണത്തിന്‍റെ ഞെട്ടൽ മാറാതെ ജയസൂര്യ

മാനന്തവാടി: വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ രാധയെന്ന സ്ത്രീയെ കടിച്ചുകൊന്ന നരഭോജി കടുവക്കായി തെരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കടുവയുടെ ആക്രമണം ഉണ്ടായതിന്‍റെ ഞെട്ടലിലാണ് ആര്‍ആര്‍ടി സംഘാംഗമായ ജയസൂര്യ. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ജയസൂര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിൽ വെച്ച് എന്താണ് സംഭവിച്ചതെന്ന് ജയസൂര്യ വിശദീകരിച്ചു. പതിനഞ്ചോളം പേരാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നത്.

കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിച്ച മേഖലയിലായിരുന്നു തെരച്ചിലെന്നും ജയസൂര്യ പറഞ്ഞു. ഏറ്റവും പിന്നിലായിട്ടായിരുന്നു നടന്നിരുന്നത്. ഇതിനിടയിൽ പെട്ടെന്ന് കടുവ പിന്നിൽ നിന്ന് തന്‍റെ മുകളിലേക്ക് ചാടി വീഴുകയായിരുന്നുവെന്ന് ജയസൂര്യ പറഞ്ഞു. ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ഷീൽഡ് ഉപയോഗിച്ച് കടുവയെ തടഞ്ഞു. കടുവ ആക്രമിച്ചതോടെ നിലത്തുവീണു. ഇതോടെ കടുവ തന്‍റെ മുകളിലായി നിന്നു. കടുവയ്ക്കും തനിക്കും ഇടയിൽ ഷീൽഡ് ഉണ്ടായിരുന്നതിനാൽ കൂടുതൽ ആക്രമണം ഉണ്ടായില്ല. ഷീൽഡ് കവര്‍ ചെയ്യാതിരുന്ന കൈയ്ക്ക് കടുവ മാന്തുകയായിരുന്നു.

ഇതിനുശേഷം കടുവ ഉടനെ തന്നെ സ്ഥലത്ത് നിന്ന് ഓടിമറയുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.  പഞ്ചാരക്കൊല്ലി തറാട്ട് ഭാഗത്ത്‌ കടുവാ തെരച്ചിലിന് ഇറങ്ങിയ സംഘാംഗത്തിനാണ് പരിക്കേറ്റത്. സ്ഥലത്ത് കടുവയെ കണ്ടുവെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംഘമിവിടെയെത്തിയത്.ഉൾക്കാട്ടിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് ജയസൂര്യയെ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കടുവക്കായി തിരച്ചിൽ നടത്തുമ്പോൾ പിന്നിൽ നിന്നാണ് ജയസൂര്യയെ ആക്രമിച്ചതെന്നും പരിക്ക് ഗുരുതരമല്ലെന്നും മന്ത്രി ഒആര്‍ കേളു പറഞ്ഞു.

കടുവയെ വെടിവെക്കാൻ പറ്റിയിട്ടില്ല. കൂടിന് സമീപം കടുവ പലതവണ എത്തിയെങ്കിലും അകത്തേക്ക് കയറിയിട്ടില്ല. കടുവയ്ക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഒആര്‍ കേളു പറഞ്ഞു. ജയസൂര്യയുടെ വലതു കൈയുടെ മുട്ടിനു മുകളിൽ ആണ് മുറിവെന്നും ഷീൽഡ് ഉണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായതെന്നും പുറകിൽ നിന്ന് കടുവ ചാടി വീഴുകയായിരുന്നുവെന്നും ജയസൂര്യയെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദര്‍ശിച്ചശേഷം മാനന്തവാടി നഗരസഭാ ചെയർമാൻ ജേക്കബ് പറഞ്ഞു. വലതു കൈയുടെ മുട്ടിനു മുകളിലാണ് പരിക്കേറ്റത്.  ഷീൽഡ് ഉണ്ടായിരുന്നതിനാൽ അധികം പരിക്ക് പറ്റിയില്ല.  കടുവ ഇതിനുശേഷം ഓടിപ്പോയെന്ന് ജയസൂര്യ പറഞ്ഞെന്നും ജേക്കബ് പറഞ്ഞു.


അതേസമയം, സർക്കാർ കാണിക്കുന്ന അലംഭാവത്തിന്‍റെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും വന്യജീവികളെ തടയുന്നതിന് ഫലപ്രദമായ നടപടി ആണ് വേണ്ടതെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണം ഉണ്ടാകുമ്പോഴുള്ള തെരച്ചിലും വെടിവെക്കലും മാത്രമല്ല വേണ്ടത്. കടുത്ത നിസംഗതയാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്. അതാണ് വനം മന്ത്രിയുടെ പാട്ടിലൂടെ വ്യക്തമാകുന്നത് യുഡിഎഫിന് വ്യക്തമായ നയം ഉണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker