ഹിമാചലിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളി യാത്രാ സംഘം സുരക്ഷിതർ;സംഘത്തിൽ ഡോക്ടർമാരും
ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളി ഡോക്ടർമാരുൾപ്പെടെ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഹിമാചൽ പ്രദേശിൽ യാത്രക്കാരുമായി പോയ ബസ് വെള്ളപ്പൊക്കത്തിൽ കുടുങ്ങുകയായിരുന്നു. ഡെറാഡൂണിലേക്ക് പോയ ബസാണ് വികാസ് നഗറിൽ കുടുങ്ങിയത്. ബസിന്റെ ജനലിലൂടെ യാത്രക്കാർ പുറത്തിറങ്ങി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.ഹിമാചൽ പ്രദേശിൽ കുടുങ്ങിയ 45 മലയാളികളും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന വിവരം. കൊച്ചി മെഡിക്കൽ കോളേജിലെ 27 ഡോക്ടർമാരും തൃശൂർ മെഡിക്കൽ കോളേജിലെ 18 ഡോക്ടർമാരുമാണ് കുടുങ്ങി കിടക്കുന്നത്. ഇന്ന് വൈകീട്ട് 4 മണിക്ക് തിരിച്ച് പുറപ്പെടാനാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കേരള ഹൗസ് അധികൃതരുമായി വിദ്യാർത്ഥികൾ സംസാരിച്ചെന്നും ഹിമാചലിലെ മലയാളികളുമായി ചേർന്ന് ശ്രമം തുടരുകയാണെന്നും കെവി തോമസ് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി കഴിഞ്ഞ 18 അംഗ സംഘം യാത്ര പുറപ്പെട്ടത് ജൂൺ 27 നാണ്. ട്രെയിൻ മാർഗം ആഗ്ര എത്തി അവിടെ നിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് അമൃതസർ തുടർന്ന് മണാലി, സ്പിറ്റ് വാലിയിലേക്കും പോയിരുന്നു. ഘീർ ഗംഗയിലെത്തിയപ്പോഴായിരുന്നു മഴയിൽ കുടുങ്ങിയത്. ഇവരെ സുരക്ഷിതമായി ക്യാമ്പിലേക്ക് മാറ്റിയതായി ട്രാവൽ ഏജൻസി അറിയിച്ചു. ഇന്ന് വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് കുടുങ്ങിയത്. നിലവിൽ പ്രദേശത്ത് മഴ തുടരുകയാണ്. മഴയ്ക്ക് ശമനം വന്നാൽ കസോളിൽ എത്തിക്കാനാണ് ശ്രമം. റോഡ് നന്നാക്കുന്ന മുറയ്ക്ക് ഡൽഹിക്ക് പുറപ്പെടുമെന്നും തിരുവനന്തപുരം ലിയോ ട്രാവൽ ഏജൻസി അറിയിച്ചു.
ഹിമാചലിലെ ജനങ്ങളോട് അടുത്ത 24 മണിക്കൂർ വീടിനുള്ളിൽ തന്നെ കഴിയണമെന്ന് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു മുന്നറിയിപ്പ് നൽകി. ഉദ്യോഗസ്ഥർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും അനുസരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടാൻ വേണ്ടി, 1100, 1070, 1077 എന്നീ ഹെൽപ്ലൈൻ നമ്പറും സംസ്ഥാനത്ത് പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. വരും മണിക്കൂറിൽ ശക്തമായ മഴയാണ് ഹിമാചലിൽ പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച റെക്കോർഡ് മഴയായിരുന്നു ഹിമാചലിൽ രേഖപ്പെടുത്തിയത്. മഴക്കെടുതിയിൽ 14 മരണങ്ങളുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. 13 ജില്ലകളിൽ 10 ജില്ലകളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തരേന്ത്യയിലെ മിന്നൽ പ്രളയസാഹചര്യത്തിൽ ദേശീയപാതകൾ ഉൾപ്പെടെയുള്ളവ പലയിടത്തും അടച്ചിട്ടു. 17 തീവണ്ടികൾ റദ്ദാക്കുകയും 12 തീവണ്ടികൾ വഴിതിരിച്ചുവിടുകയും ചെയ്തു. ജമ്മുകശ്മീർ, ലഡാക്ക്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ കനത്ത മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജമ്മുവിലെ പൂഞ്ച് ജില്ലയിൽ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ശനിയാഴ്ച സുരൻകോട്ട് പ്രദേശത്തെ ദോഗ്രനല്ലയിലാണ് കരസേനാ ഉദ്യോഗസ്ഥർ ശക്തമായ ഒഴുക്കിൽപ്പെട്ടത്. ദോഡ ജില്ലയിൽ ബസിൽ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു.
ഞായറാഴ്ച ഉത്തരാഖണ്ഡിലെ തെഹ്‌രി ഗർവാൾ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട കാർ ഗംഗയിലേക്കുവീണ് മൂന്നുപേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. മഞ്ഞുവീഴ്ചയും കനത്തമഴയും രൂക്ഷമായ സാഹചര്യത്തിൽ ലഡാക്കിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണ്ണിടിച്ചിലിൽ ഞായറാഴ്ച ഹിമാചൽപ്രദേശിൽ അഞ്ചുപേർ മരിച്ചു. മണാലിയിലും ഷിംലയിലും കടകളും വാഹനങ്ങളും ഒലിച്ചുപോയി. ഷിംലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മണ്ണിടിച്ചിലിൽ മരിച്ചു. പഞ്ചാബിലും ഹരിയാണയിലും കനത്തമഴ തുടരുകയാണ്. ഉത്തർപ്രദേശിൽ കൗശാംബിയിൽ മരക്കൊമ്പ് വീണ് 10 വയസ്സുകാരി മരിച്ചു. ശനിയാഴ്ച ബല്ലിയയിൽ മിന്നലേറ്റ് രണ്ടുപേർ മരിച്ചിരുന്നു.