KeralaNews

എഡിഎം കൈക്കൂലി വാങ്ങിയെന്നും ഇല്ലെന്നും അഭിപ്രായങ്ങൾ; നിജസ്ഥിതി നാടറിയണം, ദിവ്യ ഇടഞ്ഞതിനു പിന്നാലെ നിലപാട് മയപ്പെടുത്തി എംവി ജയരാജൻ

കണ്ണൂർ : എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും രണ്ട് അഭിപ്രായങ്ങൾ ഉയർന്നുവന്നിരുന്ന സാഹചര്യത്തിൽ നിജസ്ഥിതി അറിയേണ്ടതുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എഡിഎമ്മിന്റെ കുടുംബത്തോടുള്ള എല്ലാവിധ ഐക്യദാർഢ്യവും പാർട്ടി പ്രകടിപ്പിച്ചിട്ടുണ്ട്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നും വാങ്ങിയില്ലെന്നും പറയുന്നു.

ഇതിൽ നിജസ്ഥിതി പുറത്ത് വരണം. ദിവ്യക്കെതിരെ സ്വീകരിച്ചത് പാർട്ടി നടപടി മാത്രമാണ്. പാർട്ടി നടപടി അംഗീകരിക്കുന്ന ഒരു സഖാവ് എങ്ങനെയാണ് കറിവേപ്പില പോലെ തന്നെ വലിച്ചെറിഞ്ഞുവെന്ന് പറയുന്നതെന്നും ജയരാജൻ ചോദിച്ചു. പെരിങ്ങോം ഏരിയാ സമ്മേളനത്തിലാണ് എം വി ജയരാജന്റെ പരാമർശം.  

അതേ സമയം, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയ പാർട്ടി നടപടിയിൽ പി പി ദിവ്യക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ജയിലിലിൽ കിടക്കുമ്പോൾ നടപടി എടുത്തത് ശരിയായില്ലെന്നും തന്‍റെ ഭാഗം കേട്ടില്ലെന്നും ഫോണിൽ വിളിച്ച നേതാക്കളോട് ദിവ്യ പരാതിപ്പെട്ടു. പറയാനുള്ളത് പാർട്ടി വേദിയിൽ പറയുമെന്നും നടപടി അംഗീകരിക്കുന്നുവെന്നും ദിവ്യ ഫേസ്ബുക്കിൽ പ്രതികരിച്ചു.

ഉദ്ദേശം നല്ലതായിരുന്നുവെന്നും നിരപരാധിയാണെന്നുമായിരുന്നു പത്ത് ദിവസത്തെ ജയിൽവാസം കഴിഞ്ഞും പിപി ദിവ്യ ആവർത്തിച്ചത്. തുടക്കത്തിൽ ഒപ്പം നിന്ന കണ്ണൂർ സിപിഎം പക്ഷേ ദിവ്യയുടേത് പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയ പെരുമാറ്റമെന്നാണ് വിലയിരുത്തിയത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും നീക്കി, വെറും ബ്രാഞ്ചംഗമാക്കി. ജയിലിലാണ് ദിവ്യ നടപടിക്കാര്യം അറിഞ്ഞത്.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഫോണിൽ വിളിച്ച നേതാക്കളോട് അമർഷവും അതൃപ്തിയും മറനീക്കി. ശിക്ഷിക്കപ്പെട്ടല്ല, റിമാൻഡിലാണ് ജയിലിൽ കഴിഞ്ഞത്. പുറത്തിറങ്ങന്നതുവരെ കാത്ത്, തന്‍റെ ഭാഗം കേട്ട് പാർട്ടിക്ക് നടപടിയെടുക്കാമായിരുന്നു.കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അതുണ്ടായില്ലെന്നും കടുത്ത നടപടിയെടുക്കാനുളള ക്രിമിനൽ കുറ്റമൊന്നും താൻ ചെയ്തില്ലെന്നും ദിവ്യ നേതാക്കളോട് പരാതിപ്പെട്ടു.

പറഞ്ഞതിലെ പിഴവ് സമ്മതിച്ചിട്ടും,ഏറ്റവും താഴ്ഘടകത്തിലേക്ക് വീഴ്ത്തിയതിലാണ് ദിവ്യയുടെ അതൃപ്തി. അസാധാരണ നടപടിയിലൂടെ പാർട്ടിയും ദിവ്യയെ കുറ്റക്കാരിയാക്കിയെന്നും സമാനകേസുകളിൽ ഇതായിരുന്നില്ല സമീപനമെന്നുമുളള വികാരം അവരോട് അടുത്ത വൃത്തങ്ങൾക്കുമുണ്ട്. ജില്ലയിലെ നേതാക്കൾ വീട്ടിലെത്തി കാണുന്നതിൽ താത്പര്യമില്ലെന്നും ദിവ്യ അറിയിച്ചതായാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker