പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തും. പാലക്കാട് ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണ്. മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണ്.ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ്. പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല.
മുഖ്യമന്ത്രി നടത്തിയത് കൃത്യമായ രാഷ്ട്രീയ വിമര്‍ശനമാണ്. എന്നാൽ, അതിൽ വർഗീയ അജണ്ട പ്രചരിപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ‍് ഡിപിഐയുടെയും തടവറയിലാണ്. ഇത് എല്ലാ വോട്ടർമാരും തിരിച്ചറിയണം. സന്ദീപ് വാര്യർ വർഗീയ പ്രചരണം നടത്തിയ ആളാണ്. ആര്‍എസ്എസ് ബന്ധം വിട്ടു എന്ന് സന്ദീപ് പറഞ്ഞിട്ടില്ല. ബിജെപി ബന്ധം വിട്ടെന്ന് മാത്രമാണ് പറഞ്ഞത്. ചില മാധ്യമങ്ങൾ പൈഡ് ന്യൂസ് നടത്തുകയാണ്. കോൺഗ്രസിന് വേണ്ടിയാണ് അവര്‍ പ്രവർത്തിക്കുന്നത്. ഇടത് വിരുദ്ധ വാർത്തകൾ പ്രചരിപ്പിക്കുകയാണ്.
2500 വ്യാജ വോട്ടുകൾ പാലക്കാട് ചേർത്തു. ഇതിന് നേതൃത്വം കൊടുത്തത് വ്യാജ ഐഡി കാർഡ് ഉണ്ടാക്കിയ നേതാവാണ്. ഇതിന് ചില ബിഎൽഒമാര്‍ കൂട്ടുനിൽക്കുകയാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ്. ആ വോട്ടുകൾ മുഴുവൻ നീക്കണം. ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ഞങ്ങൾ വിമതർക്ക് കൂടെ നിൽക്കുകയാണ് ചെയ്തത്. വോട്ടെടുപ്പിനിടെ കോൺഗ്രസ്ിന്‍റെ ക്വട്ടേഷൻ സംഘം വന്നു. അവരാണ് പ്രശ്നം ഉണ്ടാക്കിയത്.
സുധാകരന്‍റെ ഭീഷണി പ്രസംഗത്തിന് ജനങ്ങൾ നൽകിയ മറുപടിയാണ് അവിടെ കണ്ടത്. ബിജെപി വിരുദ്ധതയിൽ മുന്നിൽ പിണറായി വിജയനാണ്. അതിനാലാണ് പിണറായിയെ ആക്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം സർക്കാരിന്‍റെ വിലയിരുത്തലാകും. ഇടതുപക്ഷം മൂന്നാം സർക്കാറിനായുള്ള തയ്യാറെടുപ്പിലാണ്. തെരഞ്ഞെടുപ്പ് ഫലം അതിന് കരുത്തേകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.