KeralaNews

എം.ടി ഇനി ദീപ്തമായ ഓര്‍മ്മ, ഭൗതികദേഹം അഗ്നിനാളം ഏറ്റുവാങ്ങി

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ഭൗതികശരീരം അ​ഗ്നി ഏറ്റുവാങ്ങി. ഔദ്യോ​ഗിക ബഹുമതികളോടെ മാവൂർ റോഡ് സ്മൃതിപഥത്തിൽവെച്ചായിരുന്നു അന്ത്യകർമ്മങ്ങളും സംസ്‌കാരവും.

ബുധനാഴ്ച രാത്രി പത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു എം.ടി.യുടെ മരണം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് മകൾ അശ്വതിയും ഭർത്താവ് ശ്രീകാന്തും കൊച്ചുമകൻ മാധവും സമീപത്തുണ്ടായിരുന്നു

വ്യാഴാഴ്ച വൈകീട്ട് 4.15-ഓടെ എം.ടി. അവസാനമായി ‘സിതാര’യുടെ പടിയിറങ്ങി. കൊട്ടാരം റോഡ്, നടക്കാവ്, ബാങ്ക് റോഡ്, കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി മാവൂർ റോഡിലെ പൊതുശ്മശാനത്തിലേക്ക്. ഭൗതികശരീരം വഹിച്ച് വീട്ടിൽനിന്ന് ആംബുലൻസ് പുറപ്പെടുന്നതുവരേയും ‘സിതാര’യിലേക്ക് ജനം ഒഴുകിയെത്തി. മലയാളത്തിന്റെ പ്രിയസാഹിത്യകാരനെ ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വഴിനീളെ ആളുകൾ കാത്തുനിന്നു. പത്രാധിപർ, ചലച്ചിത്രകാരൻ, നാടകകൃത്ത്, സാഹിത്യസംഘാടകൻ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം സുവർണമുദ്ര പതിപ്പിച്ച ആ യു​ഗം ഇനി ഓർമ.

1933 ജൂലായ് 15-ന് പൊന്നാനി താലൂക്കിലെ കൂടല്ലൂരിലായിരുന്നു എം.ടിയുടെ ജനനം. പുന്നയൂർക്കുളം ടി. നാരായണൻ നായരും അമ്മാളുഅമ്മയുമാണ് മാതാപിതാക്കൾ. നാല് ആൺമക്കളിൽ ഇളയ മകൻ. മലമക്കാവ് എലിമെന്ററി സ്‌കൂൾ, കുമരനെല്ലൂർ ഹൈസ്‌കൂൾ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് 1953-ൽ രസതന്ത്രത്തിൽ ബിരുദം നേടി. കുറച്ചുകാലം അധ്യാപകൻ. തുടർന്ന് 1956-ൽ മാതൃഭൂമിയിൽ സബ് എഡിറ്ററായി ദീർഘകാലത്തെ ഔദ്യോഗിക സേവനത്തിനു തുടക്കം.

1968-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി. 1981-ൽ ആ സ്ഥാനം രാജിവെച്ചു. 1989-ൽ പീരിയോഡിക്കൽസ് എഡിറ്റർ എന്ന പദവിയിൽ തിരികെ മാതൃഭൂമിയിലെത്തി. 1999-ൽ മാതൃഭൂമിയിൽനിന്ന് വിരമിച്ചശേഷം കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചു. നിലവിൽ തുഞ്ചൻ സ്മാരക സമിതിയുടെ അധ്യക്ഷനായിരുന്നു.

2005-ൽ രാജ്യം എം.ടിയെ പത്മഭൂഷൺ നൽകി ആദരിച്ചു. സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995-ൽ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാദമി അവാർഡ് (നാലുകെട്ട്), വയലാർ അവാർഡ് (രണ്ടാമൂഴം), മാതൃഭൂമി പുരസ്‌കാരം, ഓടക്കുഴൽ അവാർഡ്, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.

മലയാളസാഹിത്യത്തിന് നൽകിയ അമൂല്യസംഭാവനകൾ കണക്കിലെടുത്ത് കോഴിക്കോട് സർവകലാശാലയും മഹാത്മ ഗാന്ധി സർവകലാശാലയും ഡി.ലിറ്റ്. നൽകി ആദരിച്ചു. എം.ടി. ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ‘നിർമ്മാല്യം’ 1973-ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. ഇതിനുപുറമേ മുപ്പതിലേറെ ദേശീയ, സംസ്ഥാന അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker