വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ;രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പ്
കൊച്ചി: ബലാത്സംഗം ചെയ്തുവെന്ന നടിയുടെ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരേ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് കൊച്ചി സിറ്റി പോലീസ്. പീഡനം നടന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് പരിശോധന നടത്തി. ഇയാൾക്കെതിരെ നിർണായക തെളിവുകൾ പോലീസിന് ലഭിച്ചതായാണ് വിവരം.
ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ പേരടക്കം വെളിപ്പെടുത്തി, വെല്ലുവിളിയുമായി വിജയ് ബാബു ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികളിലേക്ക് പോലീസ് പോകുന്നത്. ഇയാൾക്കെതിരെ മതിയായ തെളിവുകളെല്ലാം ശേഖരിക്കാൻ സാധിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് അറസ്റ്റിലേക്കുള്ള നീക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.
കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരേയുള്ള ഒരു മാസ കാലയളവിലാണ് പീഡനം നടന്നതായി പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ശേഖരിക്കുക എന്നത് പോലീസിന് എളുപ്പമായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ദുബായിലുള്ള വിജയ് ബാബുവിനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും വിമാനത്താവളങ്ങൾ വഴിയോ കപ്പൽ വഴിയോ കടക്കാൻ ശ്രമിച്ചാൽ തടഞ്ഞുവെച്ച് അറസ്റ്റ് രേഖപ്പെടുത്തുക എന്നതാണ് പോലീസ് ഉദ്ദേശിക്കുന്ന്.
വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ ശ്രമിച്ചാലും അറസ്റ്റിലേക്കുള്ള നീക്കം ഉണ്ടാകും. വിദേശത്ത് കൂടുതൽ ദിവസം ഒളിവിൽ കഴിയുന്ന സാഹചര്യം ഉണ്ടായാൽ ഇന്റർപോളിന്റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിക്കുക എന്ന ലക്ഷ്യവും പോലീസിനുണ്ട്. ഗൗരവമുള്ള പരാതി ആയതുകൊണ്ട് ഇതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല എന്നാണ് പോലീസിന്റെ നിലപാട്.
സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനംചെയ്ത് എറണാകുളത്തെ ഫ്ലാറ്റിൽവെച്ച് ഒട്ടേറെ തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുണ്ട്. ഇതിന് പുറമെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ നടത്തിയ പരാമർശത്തിനിടെ നടിയുടെ പേര് വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരേ ഒരു കേസുകൂടി എടുത്തിട്ടുണ്ട്. മുൻകൂർ ജാമ്യത്തിനും വിജയ് ബാബു ശ്രമിക്കുന്നുണ്ട്.