കോതമംഗലം:140 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള റൂട്ടില്‍ സ്വകാര്യ ബസുകള്‍ക്കുള്ള പെര്‍മിറ്റ് റദ്ദാക്കുന്നത് മലയോര മേഖലയില്‍ കടുത്ത യാത്രാക്ലേശം സൃഷ്ടിക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് മാര്‍ച്ച് ഒന്നിന് പ്രാബല്യത്തില്‍ വരും. ഹൈറേഞ്ച് ഉള്‍പ്പെടെ മലയോര മേഖലയിലേക്കുള്ള ബസ് സര്‍വീസുകളേറെയും ഇതോടെ നിലയ്ക്കും. വനമേഖലയിലൂടെ കടന്നുപോകുന്ന ഇടുക്കി ജില്ലയെ ആകും ഇത് കൂടുതല്‍ ബാധിക്കുക.
ബദല്‍ സംവിധാനമില്ലാതെ ഉത്തരവ് നടപ്പാക്കുന്നത് മലയോര മേഖലയിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ദുരിതത്തിലാക്കും. പ്രത്യേകിച്ച് വാര്‍ഷിക പരീക്ഷകള്‍ നടക്കുന്ന സമയത്ത്. ഇടുക്കി ജില്ലയില്‍ ഇത് നടപ്പാക്കുമ്പോള്‍ 140 കി.മീ. അവസാനിക്കുന്നത് ഏതെങ്കിലും വനമേഖലയിലായിരിക്കും. മറ്റിടങ്ങളില്‍ തുടര്‍ യാത്രക്കാര്‍ക്ക് അത്ര ബുദ്ധിമുട്ടാകില്ല.
റൂട്ട് ദേശസാല്‍കൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ഒക്ടോബറില്‍ ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത് നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകള്‍ക്ക് താത്കാലിക പെര്‍മിറ്റ് നല്‍കുകയുമായിരുന്നു. ഇതിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിക്കും. ഇനി യാതൊരു കാരണവശാലും താത്കാലിക പെര്‍മിറ്റ് അനുവദിക്കുകയില്ലെന്ന് ഗതാഗതവകുപ്പ് അറിയിച്ചിട്ടുണ്ട്.
കോതമംഗലം കേന്ദ്രീകരിച്ച് എറണാകുളം-ഇടുക്കി ജില്ലകളെ ബന്ധിപ്പിച്ച് വിവിധ ഭാഗങ്ങളിലേക്കുള്ള നാല്പതോളം ബസുകളുടെ സര്‍വീസ് നിശ്ചലമാകും. പകരം കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഈ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് തീരുമാനമെന്ന് പറയുന്നു. അറുപത് വര്‍ഷങ്ങള്‍ക്കപ്പുറം ശരിയായ റോഡുകള്‍ പോലും ഇല്ലാത്ത കാലത്ത് ഹൈറേഞ്ചിലൂടെ ദീര്‍ഘദൂര സര്‍വീസ് നടത്തി കെട്ടിപ്പടുത്തവയാണ് ഈ റൂട്ടിലെ സ്വകാര്യ ബസ് സര്‍വീസുകള്‍.
എറണാകുളം-കാന്തല്ലൂര്‍ 190 കിലോമീറ്ററാണ്. പുതിയ ഉത്തരവ് അനുസരിച്ച് ബസുകള്‍ മൂന്നാര്‍ കഴിയുമ്പോള്‍ വനപ്രദേശത്ത് സര്‍വീസ് അവസാനിപ്പിക്കേണ്ടി വരും. അതുപോലെ എറണാകുളം-കുമളി റൂട്ടില്‍ ഓടുന്ന ബസ് കട്ടപ്പന എത്തില്ല. നാരകക്കാനത്ത് ട്രിപ്പ് അവസാനിപ്പിക്കണം. കുമളിയില്‍നിന്ന് എറണാകുളത്തേക്കുള്ള ബസ് പെരുമ്പാവൂരിനടുത്ത് സര്‍വീസ് നിര്‍ത്തേണ്ടി വരും.
ഇടുക്കി, കട്ടപ്പന, അടിമാലി റൂട്ടില്‍ ഓടുന്ന ബസുകളുടെ ഓട്ടമാണ് പ്രധാനമായും നിലയ്ക്കുന്നതെന്ന് എറണാകുളം ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ഇടുക്കി ജില്ലയുടെ പ്രത്യേക സാഹചര്യവും പരീക്ഷാ കാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച് അസോസിയേഷന്‍ ഭാരവാഹികള്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എം.എല്‍.എ.യ്ക്ക് കത്തും നല്‍കിയിട്ടുണ്ട്.