KeralaNews

പാലക്കാട്‌ തെങ്ങിൻതോപ്പിലെ കെട്ടിടം,39 കന്നാസുകളിൽ ഒളിപ്പിച്ചത് 1326 ലിറ്റർ സ്പിരിറ്റ്‌; അറസ്റ്റിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന് എം.ബി.രാജേഷ്‌

പാലക്കാട്: പാലക്കാട് ചിറ്റൂരിൽ തെങ്ങിൻതോപ്പിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന വൻ സ്പിരിറ്റ് ശേഖരം എക്സൈസ് കണ്ടെടുത്തു. ചിറ്റൂർ കോഴിപ്പതിയിലുള്ള നാരായണ സ്വാമി കൗണ്ടർ എന്നയാളുടെ ഉടമസ്ഥതയിലുള്ള തെങ്ങിൻതോപ്പിലുള്ള കെട്ടിടത്തിലാണ് 39 കന്നാസുകളിലായി 1326 ലിറ്റർ സ്പിരിറ്റ്‌ കണ്ടെത്തിയത്. ചിറ്റൂർ സ്വദേശിയായ മുരളി (50) ആണ് അറസ്റ്റിലായത്.

പാലക്കാട്‌ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ രാകേഷ് എമ്മിന്‍റെ നിർദേശപ്രകാരം ചിറ്റൂർ എക്സൈസ് സർക്കിൾ സംഘവും പാലക്കാട് ഐബി ഇൻസ്പെക്ടറും സംഘവും, ചിറ്റൂർ റേഞ്ച് ഇൻസ്പെക്ടറും സംഘവും, കെമു സംഘവും ചേർന്നുള്ള സംയുക്ത പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്. ചിറ്റൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി രജനീഷ്, പാലക്കാട്‌ ഐബി ഇൻസ്‌പെക്ടർ എൻ നൗഫൽ, ചിറ്റൂർ റേഞ്ച് ഇൻസ്‌പെക്ടർ എസ് ബാലഗോപാൽ, പാലക്കാട്‌  ഐബിയിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ ജെ ഓസ്റ്റിൻ, ആർ എസ് സുരേഷ് തുടങ്ങിയവരുടെ പരിശോധന സംഘത്തിലുണ്ടായിരുന്നു. 

ഇതിനിടെ പത്തനംതിട്ട റാന്നിയിൽ 13 ലിറ്റർ ചാരായവുമായി ഒരു സ്ത്രീയെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. ചെറുകുളഞ്ഞി സ്വദേശിനി മറിയാമ്മയാണ് അറസ്റ്റിലായത്. ഭർത്താവ് രാജു ഒളിവിൽ പോയിരിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ചാരായ വാറ്റിനെക്കുറിച്ച് അറിഞ്ഞ് എക്സൈസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വീട്ടിൽ നിന്ന് വാറ്റ് ഉപകരണങ്ങൾ പിടിച്ചെടുത്തുവെന്നും എക്സൈസ് സംഘം വ്യക്തമാക്കി.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പരാജയം ഉറപ്പായ കോണ്‍ഗ്രസ് കള്ളപ്പണത്തിന് പുറമെ മദ്യവും ഒഴുക്കുകയാണെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കള്ളപ്പണവും മദ്യവും ഒഴുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. 1306 ലിറ്റര്‍ സ്പിരറ്റാണ് ഇന്ന് ചിറ്റൂരിൽ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. ഇത്രയധികം സ്പിരിറ്റ് വീട്ടിൽ സൂക്ഷിച്ചത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമാണ്. ഇത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വേണ്ടിയാണ്. ദിവസവും മൂന്നുനേരം വാര്‍ത്താസമ്മേളനം നടത്തുന്ന വിഡി സതീശന് ഇക്കാര്യത്തിൽ ഒന്നും പറയാനില്ല.

നാവിറങ്ങിപ്പോയോ?. കഴിഞ്ഞ ദിവസം ഹോട്ടലിൽ കണ്ട ഷോ ചിറ്റൂരിൽ കണ്ടില്ല. ഹോട്ടലിൽ തൊണ്ടിമുതൽ പിടികൂടാനായില്ല. എന്നാൽ, ചിറ്റൂരിൽ തൊണ്ടിമുതൽ കയ്യോടെ പിടികൂടി. ഇടതുപക്ഷ മുന്നണിയുടെ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. നേരായരീതിയിൽ തെരഞ്ഞെടുപ്പ് ജയിക്കാനാകില്ലെന്ന് മനസിലായപ്പോള്‍ എല്ലാ അധാര്‍മിക വഴികളും നോക്കുകയാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തിരിക്കുകയാണ്.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തും. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അനുവദിക്കില്ല. കള്ളപ്പണവും കള്ള മദ്യത്തിനും പുറമെ കള്ള തിരിച്ചറിയിൽ കാര്‍ഡും ഇറക്കാൻ സാധ്യതയുണ്ട്. അതിനായി ആളുകള്‍ ഇവിടെ തമ്പടിച്ചിട്ടുണ്ടെന്നും എംബി രാജേഷ് ആരോപിച്ചു.മുനമ്പം പ്രശ്നം ബി ജെ പി ഉയർത്തുന്നത് അവസാന വൈക്കോൽ തുരുമ്പെന്ന മട്ടിലാണ്. പരാജയം മുന്നിൽ കണ്ടാണ് മുനമ്പം ഉയര്‍ത്തുന്നത്. ബിജെപി വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും എംബി രാജേഷ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker