KeralaNews

ആലപ്പുഴയിലെ ബുധനൂരിനെ നടുക്കി ഇടിമിന്നൽ; 5 വീടുകൾക്കും ക്ഷേത്രത്തിനും നാശനഷ്ടം

മാന്നാർ: ബുധനൂരിൽ ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകൾക്കും കുടുംബക്ഷേത്രത്തിനുമാണ് മിന്നലേറ്റ് നാശനഷ്ടം സംഭവിച്ചത്. നിരവധി വൈദ്യുതോപകരങ്ങൾ കത്തിനശിച്ചു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് എണ്ണയ്ക്കാട് മലമേൽ സുനിൽകുമാർ പി, സഹോദരൻ അജികുമാർ പി, മലമേൽ ശശി, റിജോ ഭവനിൽ സാബു, അമൽ വില്ലയിൽ അമ്പിളി എന്നിവരുടെ വീടുകൾക്കും വൈദ്യുതോപകരണങ്ങൾക്കുമാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്.

കഴിഞ്ഞ ദിവസം വൈകിട്ട് മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാശനഷ്ടം സംഭവിച്ചത്. സുനിൽകുമാറിന്റെ വീട്ടിൽ ഹാളിലെ ഭിത്തിയിൽ സ്ഥാപിച്ച 45 ഇഞ്ച് എൽ ഇ ഡി ടി വിയും സ്വിച്ച് ബോർഡും പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കേബിൾ കണക്ഷന്റെ സെറ്റപ്പ് ബോക്സ്, ഡി വി ഡി പ്ലെയർ, രണ്ട് ടോർച്ചുകൾ എന്നിവയും നശിച്ചു. ആരുമില്ലാതിരുന്നതിനാൽ അടച്ചിട്ടിരുന്ന വീട്ടിൽ നിന്നും തീയുടെ ചൂടേറ്റ് പുക ഉയരുന്നത് കണ്ട സമീപവാസികൾ ഓടിയെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ വൻദുരന്തം ഒഴിവായി.

തൊട്ടടുത്ത് സുനിലിന്റെ സഹോദരൻ അജികുമാറിന്റെ ഒരുവർഷം മാത്രമായ പുതിയ വീടിന്റെ അടിത്തറയുടെ ഭാഗം പൊട്ടിത്തകർന്ന നിലയിലാണ്. വീട്ടിനുളിലെ അഞ്ചോളം ഫാനുകൾ, ഫ്രിഡ്ജ്, ലൈറ്റുകൾ, തുടങ്ങിയ വൈദ്യുതി ഉപകരണങ്ങളും നശിച്ചു. വൈദ്യുത തൂണിൽ നിന്നും വീട്ടിലേക്ക് പോയിരിക്കുന്ന സർവീസ് വയറുകളും സമീപത്തുള്ള മലമേൽ കുടുംബ ക്ഷേത്രത്തിന്റെ വൈദ്യുത മീറ്റർ ബോക്സും കത്തി നശിക്കുകയും ചെയ്തു. കെ എസ് ഇ ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധനകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.

കോഴിക്കോട് ഇടിമിന്നലേറ്റ് 6 സ്ത്രീകൾക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് കായണ്ണയിൽ വെള്ളിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മിന്നലേറ്റ ആറ് സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾക്കാണ് ഇടിമിന്നലേറ്റത്. കായണ്ണ പന്ത്രണ്ടാം വാർഡിൽ തൊഴിലുറപ്പ് ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ വൈകിട്ട് ആറുമണിയോടെ ആയിരുന്നു മിന്നലേറ്റ് അപകടമുണ്ടായത്. മിന്നൽ പതിച്ച ഉടൻതന്നെ 6 സ്ത്രീകൾ ബോധരഹിതരായി വീഴുകയായിരുന്നു.

നാട്ടുകാർ ചേർന്നാണ് അപകട സ്ഥലത്തുനിന്നും ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രദേശത്ത് മഴ ഉണ്ടായിരുന്നില്ലെങ്കിലും അതിശക്തമായ ഇടിമിന്നൽ ഉണ്ടായതായാണ് നാട്ടുകാർ വ്യക്തമാക്കുന്നത്. പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker