ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ലേസർ സിഗ്നൽ; വിവരങ്ങൾ പുറത്തുവിട്ട് നാസ
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സെെക്കി’യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു നാസ ഈ ബഹിരാകാശ ദൗത്യം ആരംഭിച്ചത്.
ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലുള്ള ഛിന്നഗ്രഹ ‘സെെക്കി16’ഒരു ബഹിരാകാശ പേടകം അയച്ചു. ഈ ഛിന്നഗ്രഹം ഒരു അപൂർവമായ ലോഹം കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിന് നൽകിയിരിക്കുന്നത്. ലേസർ വികിരണങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയങ്ങൾ പരീക്ഷിക്കുക എന്ന ഒരു ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു.
ദൂരെ നിന്ന് ലേസർ ആശയവിനിമയം സാദ്ധ്യമാക്കാനായി ഡീപ് സ്‌പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് (ഡിഎസ്ഒസി) സിസ്റ്റം സെെക്കിയിൽ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങ് ദൂരത്തിൽ നിന്നാണ് ലേസർ രശ്മികൾ ഭൂമിയിലേക്കയച്ചത്.
സൈക്കിയുടെ റേഡിയോ ട്രാൻസ്മിറ്ററുമായി ഡിഎസ്ഒസി വിജയകരമായി പ്രവർത്തിക്കുകയും ബഹിരാകാശ പേടകത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക് വിവരങ്ങളും എഞ്ചിനീയറിംഗ് ഡാറ്റയും കൈമാറാൻ കഴിയുകയും ചെയ്യുമെന്ന് സതേൺ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ (ജെപിഎൽ) പ്രൊജക്ട് ഓപ്പറേഷൻ ലീഡറായ മീര ശ്രീനിവാസൻ വ്യക്തമാക്കി.
ഏപ്രിൽ എട്ടിന് ഡാറ്റ ലേസർ കമ്മ്യൂണിക്കേഷൻ വഴിയാണ് കെെമാറ്റം ചെയ്യപ്പെട്ടത്. പരമാവധി 25 Mbps എന്ന നിരക്കിൽ പേടകം വിജയകരമായി ടെസ്റ്റ് ഡാറ്റ കെെമാറ്റം ചെയ്തു. എന്നാൽ പേടകം ഇപ്പോൾ വളരെ അകലെയായതിനാൽ ഡാറ്റാ ട്രാൻസ്മിഷൻ നിരക്ക് കുറവാണ്.