ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ജയസൂര്യയും സംഗക്കാരയും
കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ ശ്രീലങ്കയില്‍ അലയടിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ താരങ്ങളായ സനത് ജയസൂര്യയും കുമാര്‍ സംഗക്കാരയും. കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ തുടങ്ങിയവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
പരാജയപ്പെട്ട ഒരു നേതാവിനെ പുറത്താക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ രാജ്യം ഒന്നിക്കുന്ന ഒരു കാഴ്ച എന്റെ ജീവിതത്തിലുടനീളം ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ എപ്പോഴും ശ്രീലങ്കയിലെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. ഉടന്‍ വിജയം ആഘോഷിക്കും. ഈ കൂട്ടായ്മ തകരരുതെന്ന് സനത് ട്വീറ്റ് ചെയ്തു.
രാജിവെക്കാനുള്ള മാന്യത പ്രസിഡന്റ് കാണിക്കണമെന്ന് മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു. ഉപരോധം അവസാനിച്ചിരിക്കുന്നു. നിങ്ങളുടെ കോട്ട തകര്‍ന്നിരിക്കുന്നു. ജനശക്തി വിജയിച്ചുവെന്ന് പറഞ്ഞ അദ്ദേഹം പ്രക്ഷോഭകര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജയസൂര്യയെ കൂടാതെ ശ്രീലങ്കയുടെ മുന്‍ താരങ്ങളായ കുമാര്‍ സംഗക്കാര, മഹേള ജയവര്‍ധനെ എന്നിവരും പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ‘ഇത് നമ്മളുടെ ഭാവിയ്ക്കു വേണ്ടി’യെന്ന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി വളയുന്ന വിഡിയോ ട്വീറ്റു ചെയ്തുകൊണ്ട് സംഗക്കാര പറഞ്ഞു.
ശ്രീലങ്കയില്‍ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെയാണ് ജനക്കൂട്ടം പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. പ്രതിഷേധത്തെ തടയാന്‍ പോലീസിനും പട്ടാളത്തിനും സാധിച്ചില്ല. ബാരിക്കേഡുകള്‍ മറികടന്ന് കുതിച്ച പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി. നേരിടാന്‍ ശ്രമിച്ച ഒട്ടേറെ സൈനികര്‍ക്ക് പരിക്കേറ്റു. ആയിരങ്ങളാണ് ശനിയാഴ്ച ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗികവസതിയിയിലേക്ക് ഇരച്ചുകയറിയത്. പ്രസിഡന്റിന്റെ രാജിയായിരുന്നു അവരുടെ ആവശ്യം.
മാസങ്ങളായി അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബുദ്ധിമുട്ടുകളുമാണ് ലങ്കന്‍ജനതയെ ഇത്ര കടുത്തൊരു പ്രതിഷേധത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ഔദ്യോഗിക വസതിയിലേക്ക് കടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനകം പുറത്തെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് ഗോതബായ രാജപക്സെ നാടുവിട്ടതായും റിപ്പോർട്ടുകളുണ്ട്.