KeralaNews

കെടിയു താൽക്കാലിക വിസി നിയമനം; അപാകതയില്ലെന്ന് ഗവര്‍ണറുടെ വിശദീകരണം,ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി: കെടിയു താൽക്കാലിക വിസി നിയമനത്തില്‍ അപാകതയില്ലെന്ന് ഗവർണറുടെ വിശദീകരണം. സർക്കാർ ശുപാർശ ചെയ്തവർക്ക് യുജിസി ചട്ടപ്രകാരം ചുമതല നൽകാനാകില്ലെന്നാണ് ഗവർണര്‍ വിശദീകരിക്കുന്നത്. സർക്കാർ ശുപാർശ ചെയ്തത് പ്രോ വി സിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. എന്നാൽ ഈ രണ്ട് ശുപാർശകളും യു ജി സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ഗവർണർ ഹൈക്കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞു. സർക്കാരിന്റെ ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും ഗവർണർ കോടതിയെ അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയും, യു ജി സി ചട്ടപ്രകാരവുമാണ് സിസ തോമസിന്റെ നിയമനമെന്നും ഗവര്‍ണറുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.

അതേസമയം, സാങ്കേതിക സര്‍വ്വകലാശാല പ്രവര്‍ത്തനം പ്രതിസന്ധിയിലാണ്. താൽക്കാലിക വി സിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിൽ പ്രതിഷേധം തുടരുന്നതിനാൽ സര്‍ട്ടിഫിക്കറ്റ് വിതരണം പോലും നടക്കുന്നില്ല. ഇതോടെ, കോഴ്സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. 

യുജിസി മാനദണ്ഡം പാലിക്കാത്തതിനാൽ ഡോ രാജശ്രീയെ വി സി സ്ഥാനത്ത് നിന്ന് കഴിഞ്ഞ മാസമാണ് സുപ്രീംകോടതി പുറത്താക്കിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകൾ തള്ളിയ ഗവര്‍ണര്‍ പകരം ഡോ. സിസ തോമസിന് ഈ മാസം നാലിന് ചുമതല നൽകുകയായിരുന്നു. സിസ വന്നത് മുതൽ സര്‍വ്വകലാശാല പ്രൊ. വിസിയും രജിസ്ട്രാറും അടക്കം ഉദ്യോഗസ്ഥരെല്ലാം പൂര്‍ണ്ണ നിസ്സഹകരണത്തിലാണ്. ഗവര്‍ണറോടുള്ള എതിര്‍പ്പ് കാരണം താൽകാലിക ചുമതല നൽകിയ വിസിയെ പോലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. നിയമനം ചോദ്യം ചെയ്ത് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 

പലതവണ ഫയലുകൾ ആവശ്യപ്പെട്ടിട്ടും സിസ തോമസിന് ഓഫീസ് ഫയലുകളൊന്നും ഉദ്യോഗസ്ഥര്‍ നൽകുന്നില്ല. ഇടത് സംഘടനകളും എസ്എഫ്ഐയും നിരന്തരം സമരത്തിലാണ്. തര്‍ക്കവും പ്രതിഷേധവും തുടരുമ്പോൾ അനിശ്ചിതത്വത്തിലാകുന്നത് വിദ്യാര്‍ത്ഥികളുടെ വിലപ്പെട്ട സമയവും ഭാവിയും കൂടിയാണ്. ഹിയറിംഗിന് ശേഷം മറ്റ്  വിസിമാര്‍ക്കും ഗവര്‍ണര്‍ പകരക്കാരെ തീരുമാനിക്കുന്ന അവസ്ഥ വന്നാൽ ബാക്കി സര്‍വ്വകലാശാലകളെ കാത്തിരിക്കുന്നതും സമാന സാഹചര്യമാകും .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker