KeralaNews

വെടിക്കെട്ടു തുടങ്ങാന്‍ പോവുന്നേയുള്ളൂ, തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരും: കെടി ജലീല്‍

തിരുവനന്തപുരം: കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കെ.ടി ജലീല്‍. എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിപ്പിച്ചെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് ജലീലിന്റെ പ്രഖ്യാപനം. വിവാദത്തിനിടെ ഇന്നു രാവിലെയാണ് ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചത്.

മുഖ്യമന്ത്രിയെ കണ്ട് വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്ന് ജലീല്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും- പോസ്റ്റില്‍ പറയുന്നു. 2006ല്‍ കച്ച മുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായി സര്‍ക്കാര്‍. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം.

‘ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്തേനെ’ എന്ന വരികള്‍ എത്ര പ്രസക്തം!ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാന്‍ തിരൂരങ്ങാടിയിലെ ‘ഫയര്‍ എന്‍ജിന്‍’ മതിയാകാതെ വരുമെന്ന് ജലീല്‍ പറഞ്ഞു.

കെ.ടി ജലീലിന്റെ എന്‍ഫോഴ്‌സ്‌മെന്റിന് അനുകൂലമായ പ്രസ്താവനയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ ജലീലിനെ അതൃപ്തി അറിയിച്ചിരിന്നു. പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം നല്‍കി. സഹകരണബാങ്കിലെ ഇ.ഡി. അന്വേഷണം പാര്‍ട്ടി നിലപാടിനെതിരാണ്. കുഞ്ഞാലിക്കുട്ടിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതും ശരിയല്ലെന്നു സിപിഎം നിലപാടെടുത്തു. ജലീലിന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ഇന്നലെ തള്ളിയിരുന്നു.

എ.ആര്‍.ബാങ്കില്‍ ക്രമക്കേട് നടന്നോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് സഹകരണമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടില്ലെന്ന് വാസവന്‍ പറഞ്ഞു. സഹകരണമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവിടെ സംവിധാനമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതിനിടെ, കേരളത്തിലെ സഹ. ബാങ്ക് വിവാദത്തില്‍ കേന്ദ്ര ധന, സഹകരണ മന്ത്രാലയങ്ങള്‍ക്ക് പരാതി നല്‍കുമെന്ന് ബിജെപി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button