KeralaNews

പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്; വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം. ഇല്ലെങ്കിൽ കോൺഗ്രസ് ഇടപെട്ട് കെഎസ്‌യുവിനെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപനത്തിൽ നിന്ന് പിന്തിരിപ്പിക്കണമെന്ന് മന്ത്രി വാർത്താ കുറിപ്പിൽ ആവശ്യപ്പെട്ടു. പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തത്.

എന്നാൽ  സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുന്ന ഈ സമയത്ത് വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. പ്ലസ് വണ്ണിന്റെയും പ്ലസ്ടുവിന്റെയും പൊതുപരീക്ഷകൾ നടക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. 4,69,341 കുട്ടികളാണ് ഈ പരീക്ഷയ്ക്കായി ചൊവ്വാഴ്ച സ്കൂളുകളിൽ എത്തുന്നത്. പ്രൈമറി,സെക്കൻഡറി സ്കൂൾ തല പരീക്ഷകളും നടക്കുന്നുണ്ട്. ഈ ഘട്ടത്തിൽ തെരുവുകൾ യുദ്ധക്കളമാക്കാനുള്ള ഗൂഡാലോചന ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സംസ്ഥാന സർക്കാർ സിദ്ധാർത്ഥിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ പിടികൂടി ഊർജ്ജിതമായ അന്വേഷണവും തെളിവെടുപ്പും അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്നുണ്ട്. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാനും അതുവഴി തിരഞ്ഞെടുപ്പ് നേട്ടം ഉണ്ടാക്കാൻ ആകുമോ എന്നുമാണ് കോൺഗ്രസും പോഷക സംഘടനകളും നോക്കുന്നത്.

പരീക്ഷാസമയം കുട്ടികൾക്ക് ഏകാഗ്രത ഏറെ വേണ്ട സമയമാണ്. ഈ ഘട്ടത്തിൽ വിദ്യാലയങ്ങളിൽ കലുഷിത അന്തരീക്ഷം ഉണ്ടാക്കുന്നത് കേരള സമൂഹത്തോട് തന്നെ ചെയ്യുന്ന ക്രൂരതയാണ്. വിദ്യാർഥികൾക്ക് സ്വൈര്യമായി പരീക്ഷ എഴുതാനുള്ള അന്തരീക്ഷം ഉണ്ടാകണം. പോലീസ് സഹായത്തിന് പുറമേ പൊതുജനം വിദ്യാർഥികൾക്ക് സ്വൈര്യമായി പരീക്ഷ എഴുതാനുള്ള സാഹചര്യമൊരുക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker