ടിക്ടോക്ക് വഴി പരിചയപ്പെട്ടു, സൗഹൃദം പ്രണയമായി,കോഴിക്കോട് വിളിച്ച് വരുത്തി കൂട്ട ബലാത്സംഗം
കോഴിക്കോട്: സംസ്ഥാനത്തിന് തന്നെ അപമാനമായി മാറിയ കോഴിക്കോട്ടെ കൂട്ടബലാത്സംഗ കേസിന് പിന്നിലും ടിക്ടോക്ക് വഴിയുള്ള ബന്ധം. കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി, പ്രതികളിലൊരാളെ പരിചയപ്പെട്ടത് ടിക്ടോക്ക് വഴിയാണെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് എസിപി സുദർശൻ.
കൊല്ലം സ്വദേശിയായ 32കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അത്തോളി സ്വദേശിയായ അജ്നാസുമായി ടിക്ടോക്കിൽ നിന്ന് ആരംഭിച്ച ബന്ധമാണ് യുവതിയെ കോഴിക്കോട്ട് എത്തിച്ചത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തിയാണ് കൂട്ടിക്കൊണ്ടുപോയത്. ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ അജ്നാസും സുഹൃത്തുക്കളും എടുത്തിരുന്നു. ഇങ്ങോട്ടേക്കാണ് യുവതിയെ കൊണ്ടുപോയത്.
ഇവിടെ വച്ച് അജ്നാസാണ് ആദ്യം യുവതിയെ പീഡിപ്പിച്ചത്. ഈ സമയത്ത് സുഹൃത്തുക്കൾ തൊട്ടടുത്ത മുറിയിലായിരുന്നു. അജ്നാസ് മദ്യവും മയക്കുമരുന്നും നൽകി തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു.
തീരെ അവശനിലയിൽ യുവതി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആശുപത്രി അധികൃതരാണ് ഞെട്ടിപ്പിക്കുന്ന പീഡനത്തിന്റെ വാർത്ത പൊലീസിനെ അറിയിച്ചത്. പിന്നാലെ പൊലീസ് സംഘം ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു. യുവതി നൽകിയ പരാതിയിലാണ് പിന്നീടുള്ള അന്വേഷണവും അറസ്റ്റും നടന്നത്. അജ്നാസിന്റെ സുഹൃത്തുക്കളായ രണ്ട് പ്രതികൾ ഇനിയും പിടിയിലാകാനുണ്ട്. ഇവർ ഒളിവിലാണെന്നാണ് വിവരം.
യുവതിയുടെ മെഡിക്കല്‍ പരിശോധനയില്‍ ക്രൂരമായ പീഡനം നടന്നുവെന്ന് വ്യക്തമായി.. പിടിയിലായ രണ്ട് പേരെ ഉടൻ ചേവരമ്പലത്ത് സംഭവം നടന്ന ഫ്ലാറ്റിലെത്തിച്ച് ഉടൻ തെളിവെടുക്കും. യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബുധനാഴ്ച രാത്രിയാണ് പീഡനം നടന്നത്.