കൊല്ലം: വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ കൊല്ലം സ്വദേശി യഹിയ പ്രതിഷേധങ്ങള്‍ അവസാനിപ്പിച്ച് മരണത്തിന് കീഴടങ്ങി. ജീവിതം സമരമാക്കിയ അപൂര്‍വ വ്യക്തിയാണ് കൊല്ലം കടയ്ക്കലിലെ മുക്കുന്നം സ്വദേശി യഹിയ. ലുങ്കി മടക്കിക്കുത്തിയത് അഴിച്ചിടാത്തതിനെ തുടര്‍ന്ന് പോലീസ് മുഖത്ത് അടിച്ചതില്‍ നൈറ്റി ധരിച്ച് പ്രതിഷേധിച്ചയാളാണ് യഹിയ.
മരണം വരെയും നൈറ്റി മാത്രം ധരിച്ച യഹിയയുടെ പ്രതിഷേധം വാര്‍ത്തയായിരിന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു യഹിയ. ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ എസ്.ഐ. യഹിയയുടെ മുഖത്തടിക്കുന്നു, പിന്നീടങ്ങോട്ട് ഉണ്ടായത് തന്റെ വസ്ത്രത്തിലൂടെയുള്ള പ്രതിഷേധമായിരുന്നു.
ഇനി ഒരുത്തനെയും ലുങ്കിയുടെ മടക്കിക്കുത്ത് അഴിച്ച് ബഹുമാനിക്കില്ലെന്ന തീരുമാനത്തിലാണ് യഹിയ നൈറ്റി ധരിക്കാന്‍ തുടങ്ങിയത്. അപമാനിക്കപ്പെട്ട ആ നിമിഷം മുതല്‍ മരണം വരെ യഹിയയുടെ വേഷം നൈറ്റി ആയിരുന്നു. അംഗബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു നൈറ്റി വസ്ത്രമാക്കി യഹിയ നടത്തിയത്.