CrimeKeralaNews

‘ബുദ്ധികേന്ദ്രം’ അനിത! മൊഴിയിൽ ഉറച്ച് പ്രതികൾ;ഇന്ന് തെളിവെടുപ്പ്‌

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ ആദ്യ മൊഴിയിൽ തന്നെ ഉറച്ച് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടു പോയത് പണത്തിനു വേണ്ടിയെന്നാണ് പ്രതികൾ അന്വേഷണ സംഘത്തോട് ആവർത്തിച്ചു പറയുന്നത്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ തന്നെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുപോകും.

പിടിയിലായ ദിവസം പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് ഇപ്പോഴും അന്വേഷണ സംഘത്തോട് പ്രതികൾ ആവർത്തിക്കുന്നത്. ഇന്നലെ പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചത് മുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ രാത്രി ഏറെ വൈകിയും തുടർന്നു. അന്വേഷണ ഉദ്യോഗസ്ഥനായ കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസിന്റെ ഓഫീസിലാണ് ചോദ്യം ചെയ്യൽ.

സംഭവത്തിൽ ഒന്നാം പ്രതി പത്മകുമാറിനേക്കാൾ പങ്ക് ഇയാളുടെ ഭാര്യ അനിതയ്ക്ക് ആണെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാകുന്നതെന്നാണ് സൂചന. അച്ഛന്റെയും അമ്മയുടെയും തീരുമാനത്തിനൊപ്പം മകൾ അനുപമയും ചേരുകയായിരുന്നു. ഡിഐജി ആർ നിശാന്തിനിയും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ചോദ്യം ചെയ്യൽ ഇന്ന് ഉച്ചയ്ക്ക് മുമ്പായി പൂർത്തിയായേക്കുമെന്നാണ് വിവരം.

അങ്ങനെയെങ്കിൽ ഉച്ചകഴിഞ്ഞ് പ്രതികളെ തെളിവെടുപ്പിനായ് കൊണ്ടുപോകും. തമിഴ്നാട്ടിൽ പ്രതികൾ താമസിച്ച ഹോട്ടലിലും ആഹാരം കഴിച്ച ഭക്ഷണശാലയിലുമാണോ അതോ കുട്ടിയെ തട്ടിക്കൊണ്ടുപോയി താമസിപ്പിച്ച പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലാണോ ആദ്യം തെളിവെടുപ്പിനായി കൊണ്ടുപോവുക എന്ന കാര്യം വ്യക്തമല്ല. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തീകരിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.

വ്യാഴാഴ്ച രാവിലെ 11ഓടെയാണ് മൂന്നുപേരെയും കോടതിയിലെത്തിച്ചത്. കോടതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു. പൊലീസ് വലയം സൃഷ്ടിച്ചാണ് മൂവരെയും കോടതിക്കുള്ളിൽ കയറ്റാൻ ശ്രമിച്ചത്. മാധ്യമപ്രവർത്തകർ പ്രതികളുടെ ഫോട്ടോകൾ എടുക്കാൻ ശ്രമിച്ചപ്പോൾ നേരിയ തോതിൽ ഉന്തുംതള്ളുമുണ്ടായി. പ്രതികൾക്കുവേണ്ടി ഒന്നിലധികം അഭിഭാഷകർ ഹാജരായതും ബഹളത്തിനു കാരണമായി.

തെളിവ് ശേഖരണത്തിനും മറ്റും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഡിവൈ.എസ്‌.പി എം.എം. ജോസിന്‍റെ അപേക്ഷ പ്രതിഭാഗം എതിർത്തു. തെളിവുകൾ നേരത്തേ ശേഖരിച്ചെന്നാണ് പ്രതിഭാഗം വാദിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല. 20 മിനിറ്റ് നീണ്ട കോടതി നടപടികൾക്കുശേഷം തിരിച്ചിറങ്ങിയപ്പോൾ തിരക്കുമൂലം പ്രതികളെ വാഹനത്തിൽ കയറ്റാൻ കഴിയാത്ത അവസ്ഥയുണ്ടായി. പൊലീസ് ബന്തവസ്സിലാണ് ഇവരെ വാഹനത്തിൽ കയറ്റിയത്.

പോലീസ് മുഴുവൻ പ്രതികളെയും പിടികൂടിയെന്ന് പറയുന്നുണ്ടെങ്കിലും സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നുവെന്ന ആക്ഷേപമുണ്ട്. വീടിനു സമീപത്ത് കാർ നിർത്തി പെൺകുട്ടിയെ തട്ടിയെടുത്തപ്പോൾ കുട്ടിയുടെ സഹോദരന് പരിക്കേറ്റിരുന്നു. സഹോദരിയെ കാറിൽ കയറ്റുമ്പോൾ ഒരു സ്ത്രീയുൾപ്പെടെ നാലുപേരുണ്ടായിരുന്നെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ, പോലീസിന് അത് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.

കൊവിഡിനുശേഷം സാമ്പത്തിക പ്രതിസന്ധിയിലായ പത്മകുമാറും കുടുംബവും പെട്ടെന്ന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളെ അറിയിച്ചത്. ഒരുവർഷമായി ആസൂത്രണം നടത്തിവരികയായിരുന്നു. 10 ലക്ഷം രൂപ അത്യാവശ്യമായതോടെ ഒരുമാസത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതികൾ ഓയൂരിൽനിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.

സഹോദരനൊപ്പം ട്യൂഷൻ സെൻ്ററിലേക്കുപോയ കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടർന്ന് പാരിപ്പള്ളിയിലെ കടയുടമയുടെ ഫോണിൽനിന്ന് കുടുംബത്തെ ബന്ധപ്പെട്ട് 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചതോടെ ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ചു കടക്കുകയായിരുന്നു. തുടരന്വേഷണത്തിൽ പത്മകുമാറും കുടുംബവുമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് കണ്ടെത്തി. പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കുന്നതിനിടെ തെങ്കാശി പുളിയറൈയിൽ വെച്ചാണ് പോലീസ് ഇവരെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button