KeralaNews

കൊച്ചി മെട്രോയുടെ വരുമാനം 246.61 കോടി,നഷ്ടം 433.49കോടി; വരുമാനത്തേക്കാളധികം നഷ്ടം

കൊച്ചി: കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കൊച്ചി മെട്രോയ്ക്കുണ്ടായത് 433.49 കോടി രൂപയുടെ നഷ്ടം. അതിനു മുൻപുള്ള സാമ്പത്തികവർഷത്തിൽ നഷ്ടം 335.71 കോടി രൂപയായിരുന്നു. ഏകദേശം നൂറ് കോടിയോളം രൂപയുടെ വർധനയാണ് നഷ്ടത്തിലുണ്ടായിരിക്കുന്നത്. എന്നാൽ 2023-24 സാമ്പത്തികവർഷത്തിൽ മെട്രോയുടെ വരുമാനത്തിൽ വർധനയുണ്ടായതായും കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

പ്രവർത്തന വരുമാനമായി കൊച്ചി മെട്രോ നേടിയത് 151.30 കോടി രൂപയാണ്. മറ്റ്‌ ഇനത്തിലുള്ള വരുമാനം 95.11 കോടി. ആകെ വരുമാനം 246.61 കോടി രൂപയാണ്. മുൻ വർഷമിത് 200.99 കോടി രൂപയായിരുന്നു. വരുമാനത്തിനൊപ്പം ചെലവുകളിലും വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ആകെ ചെലവ് 205.60 കോടി രൂപയാണ്. മുൻ വർഷത്തിലിത് 128.89 കോടിയായിരുന്നു.

വായ്പ ഇനത്തിലുള്ള തിരിച്ചടവും കൊച്ചി മെട്രോയിൽ ശേഷിക്കുന്നുണ്ട്. ഫ്രഞ്ച് ഏജൻസിയായ എ.എഫ്.ഡി.യിൽ 1019.79 കോടി രൂപയും കാനറ ബാങ്കിൽ 1386.97 കോടി രൂപയും വായ്പയുണ്ട്. മെട്രോ ഒന്നാംഘട്ടത്തിന്റെ നിർമാണത്തിനായി എടുത്ത വായ്പയാണിത്. കാനറ ബാങ്ക്, യൂണിയൻ ബാങ്ക് കൺസോർഷ്യത്തിൽ നിന്ന് 672.18 കോടി രൂപയും വായ്പയായുണ്ട്. ഇതിനുപുറമേ കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽനിന്ന് 141 കോടി രൂപയും ഹഡ്‌കോയിൽ നിന്ന്‌ 577.61 കോടി രൂപയും വായ്പ എടുത്തിട്ടുണ്ട്.

പ്രവർത്തന മൂലധനം കണ്ടെത്തുന്നതിനായി കാനറ ബാങ്കിൽനിന്ന് 26.32 കോടി രൂപ വേറേയും എടുത്തിട്ടുണ്ട്. വായ്പ തിരിച്ചടവിൽ വീഴ്ചവന്നതിനെ തുടർന്ന് ഇന്ത്യ റേറ്റിങ് ആൻഡ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് കൊച്ചി മെട്രോയുടെ റേറ്റിങ് കുറച്ചിട്ടുണ്ട്.

വാട്ടർമെട്രോയുടെ പദ്ധതി തുക 1064.83 കോടി രൂപയാണ്. ഇതിൽ 156.07 കോടി രൂപ സംസ്ഥാന സർക്കാർ ചെലവഴിക്കും. ശേഷിക്കുന്ന തുക ജർമൻ ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിൽ നിന്നാണ് വായ്പയായി ലഭ്യമാക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷം മെട്രോയിൽ യാത്രചെയ്തത് 3,23,23,249 പേരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker