KeralaNews

കേരള ഹൗസ് ഡി.വൈ.എഫ്.ഐക്ക് യോഗം ചേരാന്‍ നല്‍കി; വിശദീകരണം തേടി ഗവര്‍ണറുടെ ഓഫീസ്

തിരുവനന്തപുരം: കേരള ഹൗസ് ഡി.വൈ.എഫ്.ഐക്ക് യോഗം ചേരാന്‍ വിട്ടു നല്‍കിയെന്ന പരാതിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണറുടെ ഓഫീസ്. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ചട്ടങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നെന്നാണ് ആരോപണം. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി പരാതികാര്‍ക്ക് മറുപടി നല്‍കണമെന്ന് ഗവര്‍ണറുടെ ഓഫീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ദല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് വിനീത് തോമസ് നല്‍കിയ പരാതിയിലാണ് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയിരിക്കുന്നത്. ഡി.വൈ.എഫ്.ഐ പരസ്യമായ ചട്ട ലംഘനമാണ് നടത്തിയതെന്നും മന്ത്രി മുഹമ്മദ് റിയാസ് അധികാര ദുര്‍വിനിയോഗം നടത്തിയെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

നവംബര്‍ 28നാണ് കേരള ഹൗസിന്റെ പ്രധാന കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ യോഗം ചേര്‍ന്നിരുന്നത്.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കും കേരള ഹൗസില്‍ യോഗം ചേരാന്‍ പാടില്ലെന്ന ചട്ടം നിലനില്‍ക്കെയാണിത്.

എന്നാല്‍, ഡി.വൈ.എഫ്.ഐക്ക് യോഗം ചേരാന്‍ കേരള ഹൗസ് വിട്ട് നല്‍കിയിട്ടില്ലെന്നാണ് വിവരാകാശ പ്രകാരം യൂത്ത് കോണ്‍ഗ്രസിന് റെസിഡന്റ് കമ്മീഷണറുടെ ഓഫീസ് നല്‍കിയ മറുപടി. മന്ത്രിയുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കാണ് കേരള ഹൗസ് നല്‍കിയതെന്നാണ് വിശദീകരണം.

അതേസമയം, കണ്ണൂര്‍ സര്‍വകലാശാല വി.സി. നിയമനവുമായി ബന്ധപ്പെട്ട കേസില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നല്‍കിയ നോട്ടീസ് ഗവര്‍ണര്‍ സര്‍ക്കാറിന് കൈമാറിയിട്ടുണ്ട്. കോടതി നോട്ടീസ് നല്‍കിയിട്ടുള്ളത് ഗവര്‍ണര്‍ക്കാണ്. എന്നാല്‍ ഈ മാസം എട്ടു മുതല്‍ താന്‍ ചാന്‍സലറായി പ്രവര്‍ത്തിക്കുന്നില്ലെന്നും സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ താന്‍ നിര്‍വഹിക്കുന്നില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button