KeralaNews

ആ ഒരു റണ്ണിന്റെ വില! കേരളം രഞ്ജി ട്രോഫി സെമിയിൽ

പുണെ; ഒരു റൺ, ഒരേ ഒരു റൺ ! ഒരൊറ്റ റൺ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളം രഞ്ജി ട്രോഫി സെമിയിൽ. തോൽക്കാൻ തയ്യാറാകാതെ സൽമാൻ നിസാർ രണ്ട് ഇന്നിങ്സുകളിലും നടത്തിയ പോരാട്ടം ലക്ഷ്യം കണ്ടു. തോൽവിയുടെ വക്കിൽ നിന്ന് കേരളം സെമി ടിക്കറ്റെടുത്തു. ക്വാർട്ടറിൽ ജമ്മു കശ്മീരിനെതിരേ സമനില പിണഞ്ഞതോടെയാണ് ഒന്നാമിന്നിങ്സിൽ ലീഡെടുത്ത കേരളം സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ‌ ​ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. രണ്ടാം സെമിയിൽ മുംബൈയും വിദർഭയും മത്സരിക്കും.

ജമ്മു കശ്മീര്‍ – 280, 399/9 ഡിക്ല. കേരളം – 281, 295/6

ക്വാർട്ടറിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റണ്‍സ് വിജയലക്ഷ്യവുമായി അഞ്ചാം ദിനം ബാറ്റിങ് തുടർന്ന കേരളം ശ്രദ്ധയോടെയാണ് കളിച്ചത്. ജയിക്കാൻ ശ്രമിക്കുന്നതിനേക്കാൾ തോൽക്കാതിരിക്കാനാണ് കേരളം ശ്രദ്ധിച്ചത്. മത്സരത്തിൽ തോൽക്കാതിരുന്നാൽ തന്നെ കേരളത്തിന് സെമിയിലെത്താമെന്ന സ്ഥിതിയായിരുന്നു. ആദ്യ ഇന്നിങ്സിൽ നിർണായക ലീഡ് നേടാനായതാണ് ടീമിന് രക്ഷയായത്. മത്സരം സമനിലയിലായതിനാൽ ഒന്നാമിന്നിങ്സ് ലീഡിന്റെ ബലത്തിൽ കേരളം സെമിയിലെത്തി. ഒന്നാമിന്നിങ്സിൽ ഒരു റണ്ണിന്റെ ലീഡാണ് കേരളം നേടിയത്.

രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിന്റെ തുടക്കം മികച്ചതായിരുന്നില്ല. അക്ഷയ് ചന്ദ്രനും സച്ചിന്‍ ബേബിയും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടീം സ്‌കോര്‍ 128 ല്‍ നില്‍ക്കേ 48 റണ്‍സെടുത്ത അക്ഷയ് ചന്ദ്രനെ നഷ്ടമായി. പിന്നാലെ സച്ചിന്‍ ബേബിയും(48)കൂടാരം കയറിയതോടെ കേരളം പ്രതിരോധത്തിലായി.

ജലജ് സക്‌സേനയും(18) ആദിത്യ സര്‍വാതെയും (8) നിരാശപ്പെടുത്തി. കേരളം ആറ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലേക്ക് വീണു. എന്നാൽ സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. ജമ്മു കശ്മീർ ബൗളർമാർ വിക്കറ്റ് വീഴ്ത്താനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും സാധിച്ചില്ല. സല്‍മാന്‍ നിസാറും മുഹമ്മദ് അസ്സറുദ്ദീനും പുറത്താവാതെ നിന്നു. മത്സരം സമനിലയിലായതോടെ കേരളം സെമിയിൽ പ്രവേശിച്ചു.

നേരത്തേ രണ്ടാം ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സിന് ജമ്മു രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തതോടെയാണ് കേരളത്തിന്റെ വിജയലക്ഷ്യം 399 ആയി മാറിയത്. അതേസമയം ആദ്യ ഇന്നിങ്സിൽ സല്‍മാന്‍ നിസാറിന്റെ സെഞ്ചുറി പ്രകടനമാണ് കേരളത്തിന് തുണയായത്.

താരത്തിന്റെ പ്രകടനമികവിൽ ടീം ഒരു റൺ ലീഡാണ് സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിൽ നിന്ന് സല്‍മാന്‍ നിസാർ ബേസിൽ തമ്പിയെ കൂട്ടുപിടിച്ച് ടീം സ്കോർ 281-ലെത്തിച്ചു. 112 റൺസെടുത്ത സൽമാൻ പുറത്താവാതെ നിന്നു. 15 റണ്ണായിരുന്നു ബേസിലിന്റെ സമ്പാദ്യം. ഒന്നാം ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 280 റണ്‍സ് നേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker