തൃശ്ശൂര്‍ പാലപ്പിള്ളിയില്‍ മാലിന്യകുഴിയില്‍ വീണ കാട്ടാന ചരിഞ്ഞു. നാല് മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തന ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആന ചരിഞ്ഞത്. തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍നിന്ന് ഡോക്ടര്‍മാരടങ്ങുന്ന സംഘം എത്തിയാണ് കാട്ടാന ചരിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ജെസിബി ഉപയോഗിച്ച് കുട്ടിയാനയുടെ കാലിലും ദേഹത്തും വീണ മണ്ണ് നീക്കി. പിന്നീട് കയര്‍ ഉപയോഗിച്ച് ആനയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ദൗത്യം പരാജയപ്പെടുകയായിരുന്നു. മണ്ണ് നീക്കിയതോടെ ആന കൈകാലുകള്‍ ഉയര്‍ത്തുകയും തലയുയര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എഴുന്നേല്‍ക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു. വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വനമേഖലയില്‍ ആനയുടെ ജഡം സംസ്‌കരിക്കും.
പാലിപ്പിള്ളി എലിക്കോടായിരുന്നു കുട്ടിയാന സെപ്റ്റിക് ടാങ്കില്‍ വീണത്. പുലര്‍ച്ചെ ആറുമണിയോടെയാണ് കാട്ടാന ആള്‍താമസമില്ലാത്ത വീട്ടിലെ ഉപയോഗ ശൂന്യമായ സെപ്റ്റിക് ടാങ്കില്‍ വീണത്. റാഫി എന്നയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്.
8മണിയോടെ നാട്ടുകാരാണ് ആനയെ കുഴിയില്‍ വീണ നിലയില്‍ കണ്ടെത്തിയത്. രാവിലെ കുഴിയില്‍ വീണുകിടക്കുന്ന കാട്ടാനയ്ക്ക് സമീപം കാട്ടാനക്കൂട്ടവുമുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കാട്ടാനക്കൂട്ടത്തെ തുരത്തിയതിന് ശേഷമാണ് കാട്ടാനയെ തിരികെ കയറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്.