തൃശ്ശൂര്‍: വാഴച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ച സംഭവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍നിന്ന് മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തെ പ്രതിഷേധക്കാര്‍ തടഞ്ഞു. അധികാരികള്‍ എത്താതെ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. ബെന്നി ബഹനാന്‍ എംപി, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവർ ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. തൃശ്ശൂര്‍ വാഴച്ചാലില്‍ വാച്ച്മരത്തെ ഊരുമൂപ്പന്‍ രാജന്റെ ഭാര്യ വത്സയാണ് മരിച്ചത്.
ഇത്തരം വന്യജീവി ആക്രമണങ്ങള്‍ കേരളത്തില്‍ നിത്യസംഭവമായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവുമില്ലെന്ന് ബെന്നി ബഹനാന്‍ എംപി പറഞ്ഞു. നിഷ്‌ക്രിയത്വമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും ഒരു പദ്ധതിയുമില്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. അതേ സമയം ബി.ജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഭരണകൂടം ആദിവാസികള്‍ക്ക് നല്‍കേണ്ട കാര്യങ്ങള്‍ നല്‍കാതെയാണ് മുന്നോട്ടുപോകുന്നതെന്ന വിമര്‍ശനമാണ് ബിജെപി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
വനവിഭവങ്ങള്‍ ശേഖരിക്കാനായി കാട്ടിലേക്ക് പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കൃഷിചെയ്യാന്‍ ആവശ്യമായ ഭൂമി നല്‍കിയില്ലെന്നും വനാവകാശ സംരക്ഷണ നിയമം ഇവിടെ പാലിക്കപ്പെട്ടില്ലെന്നും വിമര്‍ശനങ്ങളുണ്ട്. അതിനാലാണ് വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഉള്‍ക്കാട്ടില്‍ പോകേണ്ടിവന്നതെന്നും ആ സാഹചര്യത്തിലാണ് ആനയുടെ ആക്രമണം ഉണ്ടായതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.
വാച്ചുമരം കോളനി മൂപ്പനായ രാജനും ഭാര്യ വത്സയും കൂടിയാണ് കാടിനുള്ളില്‍ വിഭവങ്ങള്‍ ശേഖരിക്കാനായി പോയത്. ഇതിനിടെയാണ് കാട്ടാന ഇവരെ ആക്രമിച്ചത്. വത്സയുടെ നെഞ്ചിലാണ് ആന ചവിട്ടയത്. മൂപ്പന്‍ അലറി വിളിച്ചെങ്കിലും ഏറെസമയത്തിനുശേഷമാണ് ആന അവിടെ നിന്ന് പോയത്.