തിരുവനന്തപുരം: അന്തരിച്ച സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തലസ്ഥാനം വിട നല്‍കി. തിരുവനന്തപുരത്ത് ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഇവിടെനിന്ന് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടു.
കൊച്ചിയില്‍നിന്ന് വ്യോമമാര്‍ഗം രാവിലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം പട്ടം പി.എസ്. സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജ അടക്കമുള്ളവര്‍ ഇവിടെ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഉണ്ടായിരുന്നു. വൈകാരികമായ യാത്രയയപ്പാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കാനത്തിന് നല്‍കിയത്.
തിരുവനന്തപുരം ജില്ലയില്‍ മണ്ണന്തല, വട്ടപ്പാറ, കന്യാകുളങ്ങര, വെമ്പായം, വെഞ്ഞാറമ്മൂട്, കാരേറ്റ്, കിളിമാനൂര്‍ എന്നിവിടങ്ങളില്‍ വിലാപയാത്രയില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ അവസരമുണ്ടാവും. ഇവിടെനിന്ന് കൊല്ലം പിന്നിട്ട് അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല വഴി കോട്ടയം ജില്ലയില്‍ പ്രവേശിക്കും. രാത്രി 11 മണിയോടെ കാനത്തെ വസതിയില്‍ വിലാപയാത്ര എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിയ്ക്കാണ് സംസ്‌കാരം.
കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് മൃതദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോവുക. ഡി. രാജ അടക്കമുള്ള കേന്ദ്ര- സംസ്ഥാന നേതാക്കള്‍ വിലാപയാത്രയെ അനുഗമിക്കും.