Kala missing case: ‘സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു’; കണ്ടെടുത്തവയിൽ ലോക്കറ്റും ക്ലിപ്പും
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്‌തെന്ന് കരുതുന്ന സെപ്റ്റിക് ടാങ്കില്‍ നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി വെളിപ്പെടുത്തല്‍. കേസില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്ക് പോലീസിനെ സഹായിക്കാനെത്തിയ തിരുവല്ല സ്വദേശി എസ്.സോമനാണ് ഇക്കാര്യം പറഞ്ഞത്. സെപ്റ്റിക് ടാങ്കില്‍ നിറയെ രാസപദാര്‍ഥം ഉണ്ടായിരുന്നതായും കല്ല് വരെ തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹംപറഞ്ഞു.
സ്ത്രീകളുടെ ഉള്‍വസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ് തുടങ്ങിയവ ടാങ്കില്‍നിന്ന് കിട്ടിയിരുന്നു. അതില്‍ നിറയെ കെമിക്കല്‍ ഇറക്കിയിട്ടുണ്ട്. തൊടുന്ന കല്ല് വരെ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നു. കെമിക്കല്‍ ഇറക്കിയാല്‍ അസ്ഥിവരെ പൊടിഞ്ഞുപോയേക്കാം. അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തത്. അവരുടെ പഴയവീടിന്റെ അവശിഷ്ടങ്ങളെല്ലാം ടാങ്കിന്റെ മുകളിലാണ് കൂട്ടിയിട്ടിരുന്നത്. ടാങ്കിന്റെ മൂടി മാറ്റിയപ്പോള്‍ തന്നെ കെമിക്കലുണ്ടെന്ന് മനസിലായി. വെള്ളത്തിന് നിറവ്യത്യാസമുണ്ടായിരുന്നു. ടാങ്കില്‍നിന്ന് കണ്ടെടുത്തവയില്‍ മൃതശരീരഭാഗങ്ങളുണ്ടെന്ന് 70 ശതമാനം ഉറപ്പിക്കാം. അതെല്ലാം ഫൊറന്‍സിക്കിന് കൈമാറി. തന്നെക്കൊണ്ട് കഴിയാവുന്നരീതിയില്‍ എല്ലാംചെയ്തിട്ടുണ്ടെന്നും സോമന്‍ പറഞ്ഞു.
മാന്നാറില്‍ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയ്ക്കിടെ സോമന് കാലിന് പരിക്കേറ്റിരുന്നു. ടാങ്കിന്റെ സ്ലാബുകള്‍ നീക്കുന്നതിനിടെയാണ് കാലില്‍ പരിക്കേറ്റത്. തുടര്‍ന്ന് മുറിവില്‍ ഡെറ്റോള്‍ ഒഴിച്ച് പ്ലാസ്റ്റിക് കവര്‍കൊണ്ട് കാല് മൂടിയശേഷം സോമന്‍ ജോലി തുടരുകയായിരുന്നു.
വലിയ വിവാദമായ ഒട്ടേറെ കേസുകളില്‍ പോലീസിന്റെ സഹായിയാണ് സോമന്‍. കുഴിച്ചിട്ട മൃതദേഹങ്ങള്‍ എടുക്കുന്നതിനുംമറ്റും എപ്പോഴും പോലീസിനെ സഹായിച്ചിട്ടുണ്ട്. ഇലന്തൂര്‍ നരബലിയുള്‍പ്പെടെയുള്ള കേസുകളില്‍ ശരീരാവശിഷ്ടങ്ങളെടുക്കാന്‍ സഹായിച്ചത് സോമനാണ്.