തിരുവനന്തപുരം: കഠിനംകുളത്ത് വീട്ടമ്മയായ ആതിരയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി ജോണ്‍സണുമായുള്ള ബന്ധം മറച്ചുവച്ചതെന്ന് ആരോപണം. ആതിരയുടെ പൂജാരിയായ ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയെന്നും, കുട്ടി സ്‌കൂളില്‍ പോയെന്നും ഉറപ്പുവരുത്തിയ ശേഷമാണ് ജോണ്‍സന്‍ വീട്ടിനുള്ളില്‍ കയറിയത്. ആതിര മകനെ സ്‌കൂള്‍ ബസ് കയറ്റി വിടുന്ന സമയം വരെ ഒളിച്ചുനിന്നു. ഇതിനിടയില്‍ ഇരുവരും ഫോണില്‍ സംസാരിച്ചു.
വീട്ടിലെത്തിയ ജോണ്‍സണ്‍ ആതിര ചായ നല്‍കുന്നതിനിടെ കിടപ്പുമുറിയിലെ മെത്തയ്ക്കടിയില്‍ കത്തിയൊളിപ്പിക്കാന്‍ മാത്രമല്ല, ടിവിയുടെ ശബ്ദം കൂട്ടി വയ്ക്കാനും ശ്രദ്ധിച്ചു. ക്ഷേത്ര പൂജാരിയായത് കൊണ്ട് ഈ കുടുംബം, നാട്ടുകാര്‍ക്കെല്ലാം സുപരിചിതരാണ്. ഇവരുടെ വീടും മെയിന്‍ റോഡുമായി 10 മീറ്റര്‍ അകലം പോലുമില്ല. വീടിന് മതിലുമില്ല. എതിര്‍വശത്ത് വിളിപ്പുറത്താണ് ആതിരയുടെ ഭര്‍ത്താവ് പൂജാരിയായി ജോലി ചെയ്യുന്ന ക്ഷേത്രം. സമീപത്ത് ചില കടമുറികളുണ്ട്. ഒരു ക്ലബ്ബും, തയ്യല്‍കടയും ഉണ്ട്. ഇവിടെയുള്ളവരാരും, ഒരുശബ്ദവും വീട്ടില്‍ നിന്ന് കേട്ടിട്ടില്ല. ടിവി ഉച്ചത്തില്‍ വച്ചതാവാം ഒരു കാരണം. ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ കത്തിയെടുത്ത് ആതിരയുടെ കഴുത്തില്‍ കുത്തിയിറക്കിയെന്നാണ് ജോണ്‍സണ്‍ പറയുന്നത്.
'വളരെ മര്യാദക്കാരിയായ കുട്ടിയെന്നാണ് ഇത്രയും നാളും കരുതിയിരുന്നത്. പക്ഷേ അവള്‍ക്ക് രഹസ്യമായ ബന്ധം ഉണ്ടായി. അവളുടെ അമ്മയ്ക്കും, അച്ഛനും, ഭര്‍ത്താവായ പോറ്റിക്കും ഈ വിവരമറിയാം. അങ്ങനെയിരിക്കെയാണ് അവന്‍ മിനിങ്ങാന്ന് ഇവിടെ വന്ന് അവളെ കൊല്ലുമെന്ന് പറയുന്നത്. വിവരം ഭര്‍ത്താവിന്റെ അടുത്തും പറഞ്ഞു. ഭര്‍ത്താവ് എന്തുചെയ്തു, ..നീ ആരുടെ അടുത്തെങ്കിലും പറഞ്ഞാല്‍ ചത്തുകളയുമെന്ന് ഭര്‍ത്താവിനോട് ഈ പെണ്ണ് പറഞ്ഞു. അതോടെ, ഇവന്‍ ആരുടെയടുത്തും പറയാതെ രഹസ്യമാക്കി വച്ചിരുന്നു. ഇവര്‍ക്കും അറിയാം പോറ്റിക്കും അറിയാം ബന്ധം, ഒരു വര്‍ഷം കൊണ്ടേ തുടരുന്നതാണ്. പോറ്റി വിവരം രഹസ്യമായി വച്ചതിന്റെ ഫലമാണ് ഈ കണ്ടത്. പൊലീസ സ്റ്റേഷനിലോ, ക്ഷേത്രത്തിന്റെ സെക്രട്ടറിയുടെ അടുത്തോ പറഞ്ഞില്ല, അത് പോറ്റിയുടെ ഭാഗത്ത് വന്ന തെറ്റാണ്.
പിന്നെ മറ്റവനെന്ന് പറഞ്ഞാല്‍ അറിഞ്ഞിടത്തോളം ഒരുഭീകരവാദിയാണ്. അവന്റെ വീട് കൊല്ലത്താണ്. ഒന്നാന്തരം ഗൂണ്ടയാണ്. ഈ ബന്ധം അവളുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. അവര്‍ ഇഷ്ടം പോലെ കാശും അവന് കൊടുത്തിട്ടുണ്ട്്. അവന്റെ വീട്ടുവാടക പോലും ഇവരാണ് അയച്ചുകൊടുക്കുന്നത്. അവന്‍ പെരുമാതുറ ഒരുവീട്ടില്‍ വന്ന് താമസിച്ചപ്പോള്‍, ആ വീട്ടുവാടക പോലും ഇവരാണ് കൊടുത്തത്. ഇവരുടെ പരിപൂര്‍ണ സമ്മതത്തോടെയാണ് ഈ രഹസ്യബന്ധം തുടര്‍ന്നത്.'
ആതിര എന്റെ ചെറുമകളാണ്. ഞാന്‍ മാത്രമാണ് ബന്ധുവായി ഇവിടെയുള്ളത്. വിവാഹം കഴിച്ച് ഒരാഴ്ച മാത്രമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്നത്. അന്നുമുതല്‍ 9 വര്‍ഷത്തോളമായി ഇവിടെയാണ് താമസിക്കുന്നത്. കുട്ടിയായി. ആണ്‍കുട്ടി. വേറെ ആരുമായും പെണ്‍കുട്ടിക്ക് ബന്ധമില്ല. ആരോടും വലിയ സംസാരമില്ല. പോറ്റിയെ കാണാനായി എന്തെങ്കിലും ആവശ്യത്തിന് ചെന്നാല്‍ മാത്രമേ ഫ്രണ്ടിലെ വാതില്‍ തുറക്കാറുള്ളു. അല്ലാതെ ആരുചെന്നാലും മുന്നിലെ വാതില്‍ തുറക്കാറില്ല.
ഇങ്ങനെയാരു ബന്ധം ഉള്ളതായി നമ്മുടെ അടുത്ത് പറഞ്ഞിട്ടില്ല. പൊലീസ് അന്വേഷണത്തിലാണ് ഇതൊക്കെ അറിയുന്നത്. വിവാഹകാലത്ത് വളരെ മര്യാദക്കാരിയായിരുന്നു. ഇപ്പോള്‍, ഇറങ്ങി ചെന്നില്ലെങ്കില്‍ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നാണ് പറയുന്നത്. എന്നാല്‍, നമ്മളോട് ഒന്നും പറഞ്ഞിട്ടില്ല.
ഭര്‍ത്താവ് പറഞ്ഞത്
പ്രദേശവാസികളെ ആകെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൊലപാതകം. ഏകദേശം ആറേഴുമാസം മുമ്പ് സുഹൃത്തിന്റെ പേരുപറഞ്ഞില്ലെങ്കിലും, കൊല്ലം സ്വദേശിയായ ജോണ്‍സണ്‍ ഔസേപ്പിനെ കുറിച്ച് ആതിര പറഞ്ഞതായി പൂജാരിയായ ഭര്‍ത്താവ് മറുനാടനോട് പറഞ്ഞു. സൗഹൃദം ഉണ്ടെന്ന് പറഞ്ഞപ്പോള്‍, അത്തരത്തിലുളള ബന്ധം ശരിയല്ലെന്ന് പറഞ്ഞ് ആതിരയെ ഭര്‍ത്താവ് വിലക്കുകയും ചെയ്തു.
ആതിരയും ജോണ്‍സണും റീല്‍സ് ചെയ്യുന്നവരായിരുന്നു. ഇവര്‍ ചേര്‍ന്നുണ്ടാക്കിയ ഇന്‍സ്റ്റ ഗ്രൂപ്പിലൂടെയാണ് ആതിര ജോണ്‍സണെ പരിചയപ്പെടുന്നതെന്നാണ് ഭര്‍ത്താവ് പറയുന്നത്. ജോണ്‍സണും, ആതിരയും കൂടാതെ മറ്റൊരു സ്ത്രീയും ഉള്‍പ്പെടുന്നതായിരുന്നു ഗ്രൂപ്പ്. എന്നാല്‍, ഇത്തരത്തിലൊരു ഗ്രൂപ്പും ബന്ധവും അനാവശ്യമാണെന്ന് ഭര്‍ത്താവ് ആതിരയോട് പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടെ, ഇന്‍സ്റ്റ ഗ്രൂപ്പില്‍ മൂന്നാമതായി ഉണ്ടായിരുന്ന സ്ത്രീ ലെഫ്റ്റ് ആകുകയും, ആതിരയും ജോണ്‍സണും മാത്രമായി അവശേഷിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാവുകയായിരുന്നു. പ്രണയം തലയ്്ക്ക് പിടിച്ച ജോണ്‍സണ്‍ ആതിരയോട് കുടുംബം ഉപേക്ഷിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. വിവരമറിഞ്ഞ ഭര്‍ത്താവ് ഈ പോക്ക് ശരിയല്ലെന്നും ജോണ്‍സണുമായാളള എല്ലാ ബന്ധവും ഉപേക്ഷിക്കാനും ആതിരയോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ജോണ്‍സണെ ഫോണിലും ഇന്‍സ്റ്റഗ്രാമിലും ആതിര ബ്ലോക്ക് ചെയ്തത്. ബ്ലോക്ക് ചെയ്തതിനെ തുടര്‍ന്നാണ് വാശിയോടെ ജോണ്‍സണ്‍ കഠിനംകുളത്ത് എത്തിയത്.
ജോണ്‍സണ്‍ കൊല്ലത്ത് അറിയപ്പെട്ടിരുന്നത് കള്ളന്‍ രാജു എന്ന പേരിലാണെന്ന വിവരവും പുറത്തുവന്നു. ഇയാള്‍ ഒരു ക്രിമിനല്‍ ആണൈന്നും അഞ്ചിലധികം സിമ്മുകള്‍ ഉണ്ടെന്നും ആതിരയുടെ ഭര്‍ത്താവ് പറയുന്നു.