തിരുവനന്തപുരം: അഭിപ്രായഭിന്നത രൂക്ഷമായ കോണ്‍ഗ്രസില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റാന്‍ സാധ്യത. സാഹചര്യം വിലയിരുത്തിയും മുതിര്‍ന്ന നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തിലും കെ.പി.സി.സി. പുനഃസംഘടിപ്പിക്കാനുള്ള ശുപാര്‍ശ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപാ ദാസ്മുന്‍ഷി ഹൈക്കമാന്‍ഡിന് നല്‍കുമെന്നാണ് സൂചന. ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ ഒച്ചപ്പാടിനില്ലാതെ സ്ഥാനമൊഴിയുമെന്ന് സുധാകരന്‍ വ്യക്തമാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് സൂചന.
കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റണോയെന്നതില്‍ ഹൈക്കമാന്‍ഡ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം തേടിയത്.
ഇതിനിടെയാണ് സംഘടനാപരമായ കാര്യങ്ങളില്‍ സതീശന്‍ മുന്‍കൈയെടുക്കുന്നെന്ന പരാതിയും ഉയര്‍ന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍കൂര്‍ തയ്യാറെടുപ്പ് നടത്തിയാല്‍ ജയിക്കാവുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച ക്രമീകരണമായിരുന്നു പരാതിക്ക് അടിസ്ഥാനം. സദുദ്ദേശ്യപരമായി ചെയ്ത കാര്യങ്ങള്‍ സംശയത്തോടെ കണ്ടതില്‍ സതീശനും പരിഭവമുണ്ട്. തുടര്‍ന്നാണ് സംയുക്ത പത്രസമ്മേളന നിര്‍ദേശം ഉപേക്ഷിച്ചത്. അതേസമയം, കെ.പി.സി.സി. പ്രസിഡന്റിന്റെ മാറ്റം, നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ക്രമീകരണം എന്നിവ സംബന്ധിച്ച് പാര്‍ട്ടി തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് നേതൃത്വം വ്യക്തമാക്കി.
കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ ഒരുക്കുന്ന സുനില്‍ കനുഗേലുവും കെ.പി.സി.സി. നേതൃസ്ഥാനത്തേക്ക് പകരം പേരുകള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. ദീപാ ദാസ്മുന്‍ഷി മുന്‍പാകെയും പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. സാമുദായിക സന്തുലനം പാലിക്കുംവിധമാണ് പേരുകള്‍ നിര്‍ദേശിക്കപ്പെട്ടത്. ഇവയെല്ലാം വിലയിരുത്തിയാകും ഹൈക്കമാന്‍ഡ് തീരുമാനത്തിലെത്തുക.