KeralaNews

ആനയേയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ല , പൊതുവേദിയില്‍ മുരളിക്കൊപ്പം സന്ദീപ് വാര്യര്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യരും വേദി പങ്കിട്ടു. പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ദിനത്തിലാണ് ഇരുവരും ഒരു വേദിയിലെത്തിയത്. നേരത്തെ സന്ദീപിന്റെ കടന്നുവരവില്‍ മുരളീധരന്‍ ഉടക്കി നിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളും ഒരേ വേദിയില്‍ കണ്ടുമുട്ടിയത്. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലെത്തിയത് എല്ലാ രീതിയിലും ഉള്‍ക്കൊള്ളുന്നുവെന്ന് കെ. മുരളീധരന്‍ പറഞ്ഞു.

‘സ്‌നേഹത്തിന്റെ കടയില്‍ എന്നും ഉണ്ടാകുമെന്ന് സന്ദീപ് പറഞ്ഞിട്ടുണ്ട്. എല്ലാവരും ബി.ജെ.പിയിലേക്ക് പോകുന്നുവെന്നാണല്ലോ ആക്ഷേപം. അങ്ങനെയല്ല, കോണ്‍ഗ്രസിലേക്കും ആളുകള്‍ വരുന്നുണ്ട്. ഇനിയും ധാരാളം പേര്‍ വരും. സന്ദീപിനെ എല്ലാ തരത്തിലും ഉള്‍ക്കൊള്ളുകയാണ്. പാലക്കാട് യു.ഡി.എഫ് ജയിക്കുമെന്ന് തുടക്കം മുതല്‍ക്കേ എനിക്ക് വിശ്വാസമുണ്ട്’ -മുരളീധരന്‍ പറഞ്ഞു.

കെ മുരളീധരനെ മുരളിയേട്ടന്‍ എന്ന് അഭിസംബോധന ചെയ്തായിരുന്നു സന്ദീപ് വാര്യരുടെ പ്രസംഗം. ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രി കെ.കരുണാകരനാണ്.ആനയെയും മോഹന്‍ലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ല.ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹം .മുരളീധരന്‍ സഹോദര തുല്യനാണ്.

പഴയ പ്രത്യാശാസ്ത്രത്തിന്റെ പേരില്‍ മുരളീധരനെ വിമര്‍ശിച്ചിട്ടുണ്ട്..താന്‍ ഇപ്പോള്‍ കോണ്‍ഗ്രസുകാരനാണ്. മുരളിയേട്ടനും കോണ്‍ഗ്രസിനും ഒപ്പം ഇനി ഉണ്ടാകും..മാരാര്‍ജി ഭവനില്‍ പോയി ചൂരലെടുത്ത് അടിച്ച് അവരെ നന്നാക്കാനില്ല. മുരളീധരന് പങ്കെടുക്കുന്ന പരിപാടിയില്‍ വരാന്‍ താനാണ് അഭ്യര്‍ഥിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന് ജനാധിപത്യബോധമുണ്ട്. ശ്വസിക്കാനുള്ള ശുദ്ധവായു കിട്ടുന്നുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫര്‍ ആയിരുന്നില്ല എനിക്ക് ആവശ്യം. അതുകൊണ്ടാണ് സി.പി.എമ്മിലേക്ക് പോകാതിരുന്നത്. എനിക്കൊരു മോചനമായിരുന്നു ആവശ്യം. ആ ജീവപര്യന്തത്തില്‍ നിന്ന് മോചനം നേടി പുറത്തുവന്നിരിക്കുകയാണ് -സന്ദീപ് വാര്യര്‍ പറഞ്ഞു.

നേരത്തെ, സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ മുരളീധരന് അമര്‍ഷമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രണ്ട് കാരണങ്ങള്‍ കൊണ്ടാണ് സന്ദീപ് വാര്യരെ എതിര്‍ത്തതെന്ന് പിന്നീട് മുരളീധരന്‍ വ്യക്തമാക്കിയിരുന്നു. ഒന്നാമത്തേത് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി വിമര്‍ശിച്ചതാണ്. ഗാന്ധിവധത്തെ കുറിച്ച് പറഞ്ഞതാണ് രണ്ടാമത്തേത്. അല്ലാതെ തനിക്ക് സന്ദീപ് വാര്യരുമായി ഒരു പ്രശ്‌നവുമില്ലെന്നും മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker