![](https://breakingkerala.com/wp-content/uploads/2025/02/spitting-cave-accident-780x470.jpg)
ഹവായി: പാറക്കെട്ടില്‍ നിന്ന് കടലിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം. ഹൊണോലുലുവിലെ പ്രസിദ്ധമായ സ്പിറ്റിങ് കേവിലാണ് സംഭവം. റഗ്ബി കളിക്കാരനും ഫിറ്റ്നസ് ഇന്‍സ്ട്രക്ടറുമായ സാന്റിയാഗോ ബോര്‍ഡ്യു(28) ആണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. 50 അടിയോളം ഉയരത്തില്‍നിന്നാണ് ഇയാള്‍ കടലിലേക്ക് ചാടിയത്. സംഭവത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പ്രചരിക്കുന്നുണ്ട്. സാഹസികമായി പാറക്കെട്ടിലൂടെ ഓടി ജലത്തിലേക്ക് പതിക്കുന്ന ബോര്‍ഡ്യുവിനെ ദൃശ്യത്തില്‍ കാണാം.
ഹോണോലുലു ഫയര്‍ ഡിപ്പാര്‍ട്ട്മെന്റും (എച്ച്എഫ്ഡി) ഓഷ്യന്‍ സേഫ്റ്റി ടീമും സംഭവസ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. ഏകദേശം പതിനഞ്ചു മിനിറ്റോളം യുവാവ് വെള്ളത്തിനടിയില്‍ കുടുങ്ങിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. രക്ഷാദൗത്യസംഘം യുവാവിനെ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നാണ് വിവരം. ജെറ്റ് സ്‌കീയിലേക്ക് വലിച്ചുകയറ്റി മോനലുവ ബോട്ട് റാമ്പിലേക്ക് കൊണ്ടുപോയി ചികിത്സ നല്‍കി. ചികിത്സയോട് പ്രതികരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്പിറ്റിങ് കേവ് അപകടകരമായ പാറക്കെട്ടുകളിലൊന്നായാണ് അറിയപ്പെടുന്നത്. നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അപരിചിതര്‍ സാഹസികത പരീക്ഷിച്ച് അപകടക്കയത്തില്‍ അകപ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 52 പേര്‍ ഇവിടെ അപകടത്തില്‍പ്പെടുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടുള്ളതായി ഹൊണോലുലു ഓഷ്യന്‍ സേഫ്റ്റി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.