InternationalNews

ജോ ബൈഡൻ ട്രംപിനെ വിളിച്ച് അഭിനന്ദിച്ചു, സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് വാഗ്ദാനം

വാഷിങ്ടൺ:  അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ വിജയത്തിന് അഭിനന്ദനം അറിയിച്ചതായി നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.  

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ  ട്രംപിനെ വിളിച്ച് സംസാരിച്ചിരുന്നു. അദ്ദേഹത്തെ അഭിനന്ദനം അറിയിച്ചു. സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പാക്കും. അതിനായി ഭരണ സംവിധാനങ്ങൾക്ക് നിര്‍ദേശം നല്‍കും എന്ന് ഉറപ്പുനല്‍കിയെന്നും ബൈഡൻ വ്യക്തമാക്കി. പൗരന്മാര്‍ അവരുടെ കടമ നിര്‍വഹിച്ചു. ഇനി നിലവിലെ പ്രസിഡന്റ് എന്നനിലയില്‍ ഞാന്‍ എന്റെ കടമയും നിര്‍വഹിക്കും. ഭരണഘടനയെ മാനിക്കും. അടുത്ത വര്‍ഷം ജനുവരി 20-ന്  സമാധാനപരമായ അധികാരകൈമാറ്റം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിച്ച് ഡെമോക്രാറ്റിക്ക് സ്ഥാനാ‌ർഥി കമലാ ഹാരിസ് രംഗത്തെത്തിയിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ വമ്പൻ ജയം സ്വന്തമാക്കിയ ഡോണൾഡ് ട്രംപിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചാണ് കമല പരാജയം സമ്മതിച്ചത്. 

എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്‍റായിരിക്കട്ടെ ട്രംപെന്നും കമല ആശംസിച്ചു. അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മിന്നുന്ന ജയമാണ് ട്രംപ് നേടിയത്. 538 ഇലക്ടറൽ വോട്ടുകളിൽ 280 എണ്ണം ട്രംപ് ഉറപ്പാക്കി. റിപ്പബ്ലിക്കൻ കോട്ടകളിൽ മുപ്പത് ശതമാനം വരെ കൂടുതൽ വോട്ടുകൾ നേടിയാണ് ട്രംപ് തകർപ്പൻ വിജയം സ്വന്തമാക്കിയത്. 

കമല ഹാരിസ് വിജയം നേടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന  സ്വിങ്സ്റ്റേറ്റുകളിൽ അടക്കം മികച്ച പ്രകടനം നടത്തിയ ട്രംപ് ഏഴ് നിർണായക സംസ്ഥാനങ്ങളും കൈപ്പിടിയിൽ ഒതുക്കി. പോപ്പുലർ വോട്ടുകൾ നോക്കിയാൽ 51 ശതമാനം അമേരിക്കക്കാർ ട്രംപിന് ഒപ്പംനിന്നു. കമലയ്ക്ക് കിട്ടിയാൽ 47 ശതമാനം വോട്ട് മാത്രം. ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ അമേരിക്കയുടെ പ്രസിഡന്റ് പദവിയിൽ എത്തിക്കാനായി സ്ത്രീകളുടെ വോട്ട് വലിയ തോതിൽ വീഴുമെന്ന പ്രവചനം അമ്പേ പാളി.

അമേരിക്കൻ ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിൻ്റെ റിപ്പബ്ലിക്കൻ പാർട്ടി മികച്ച മുന്നേറ്റം നടത്തി.  435 അംഗ ജനപ്രതിനിധി സഭയിൽ 204 ഇടത്ത് ട്രംപിന്റെ പാർട്ടി വിജയം ഉറപ്പിച്ചു. നൂറംഗ സെനറ്റും റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ളതായി. ഔദ്യോഗിക ഫലപ്രഖ്യാപനം ജനുവരി ആറിനാണ്. ജനുവരി 20 ന് അമേരിക്കയുടെ നാല്പത്തിയേഴാം പ്രെസിഡന്റായി ട്രംപ് അധികാരമേൽക്കും. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഒരു പ്രസിഡൻറ് വീണ്ടും ജയിച്ച് അധികാരത്തിൽ വരുന്നത് അമേരിക്കയുടെ ചരിത്രത്തിൽ 127 വർഷത്തിനു ശേഷമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker