ജയസൂര്യ പൊലിപ്പിച്ചത് പറഞ്ഞതാ, അയാളവിടെ വന്നിട്ടൊന്നുമില്ല! തുറന്നടിച്ച് മമ്മൂട്ടിയുടെ കൗണ്ടര്‍
കൊച്ചി:ആരാധകര്‍ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയെന്ന സംവിധായകനും മമ്മൂട്ടിയും കൈകോര്‍ക്കുന്നുവെന്ന് കേട്ടത് മുതല്‍ക്കെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. സിനിമയുടെ റിലീസിന് പിന്നാലെ പ്രൊമോഷന്‍ തിരക്കുകളാണ് മമ്മൂട്ടിയും മറ്റ് താരങ്ങളും അണിയറ പ്രവര്‍ത്തകരും.
ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി മമ്മൂട്ടിയും നന്‍പകല്‍ നേരത്ത് മയക്കം സിനിമയിലെ മറ്റ് താരങ്ങളും ചേര്‍ന്ന് നല്‍കിയ അഭിമുഖത്തിലെ രസകരമായൊരു ഭാഗം സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മമ്മൂട്ടിയെക്കുറിച്ച് ജയസൂര്യ പറഞ്ഞൊരു കഥയും അതിനുള്ള മമ്മൂട്ടിയുടെ മറുപടിയുമാണ് വൈറലായി മാറുന്നത്.
ഒരു ബൈറ്റ് കേള്‍പ്പിക്കാം. ഒരു നടന്റേതാണ്. പറയാനുള്ളതൊരു പരാതിയാണ്. ആ പരാതി എല്ലാവര്‍ക്കുമുണ്ടെന്ന മുഖവുരയോടെയാണ് അവതാരകന്‍ ജയസൂര്യയുടെ വീഡിയോ കാണിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
മമ്മൂക്കയുടെ ഏറ്റവും വലിയ പ്രത്യേകത മമ്മൂക്ക കരഞ്ഞാല്‍ നമ്മളും കരയും എന്നതാണ്. അതിന്റെ അനുഭവം എനിക്ക് തന്നെയുണ്ട്. ഒരു സിനിമ അഭിനയിക്കുമ്പോള്‍ ഞാന്‍ കരഞ്ഞുപോയ നിമിഷം എനിക്ക് തന്നെ ഉണ്ടായിട്ടുണ്ട്.
ലിജോയുടെ പടത്തില്‍ ഒരു സീന്‍ എടുത്തു കൊണ്ടിരിക്കെ ലിജോയും അസോസിയേറ്റായ ടിനു പാപ്പച്ചനും ഇറങ്ങിപ്പോയി. പെര്‍ഫോം ചെയ്ത് കഴിഞ്ഞിട്ട് ലിജോ എവിടെ എന്ന് മമ്മൂക്ക ചോദിച്ചു. ലിജോ അപ്പുറത്തേക്ക് പോയെന്ന് പറഞ്ഞു. മമ്മൂക്ക പുറകെ തന്നെ ചെന്ന് എന്താടോ തനിക്കെന്റെ പെര്‍ഫോമന്‍സ് ഇഷ്ടപ്പെട്ടില്ലേ എന്ന് ചോദിച്ചു. അതല്ല, ഞാന്‍ ഭയങ്കര ഇമോഷണല്‍ ആയിപ്പോയെന്നാണ് ലിജോ പറഞ്ഞത് എന്നായിരുന്നു ജയസൂര്യ പറഞ്ഞ കഥ.
പുള്ളി അവിടെ വന്നിട്ടൊന്നുമില്ല. പറഞ്ഞു കേട്ടതിന്റെ ഒരു പൊലിപ്പിക്കലാണെന്നാണ് മമ്മൂട്ടി ജയസൂര്യയുടെ കഥയോട് പ്രതികരിച്ചത്. അതേസമയം സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിലിത്തിരി പൊലിപ്പിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ് ഹരീഷും അത് സമ്മതിക്കുന്നുണ്ട്. ഒരിത്തിരി കൂടുതലാണ് ജയസൂര്യയുടെ കഥ എന്നാണ് മമ്മൂട്ടി പറയുന്നത്. എന്നാല്‍ അത് സീനാണെന്ന് എനിക്കറിയില്ല. പക്ഷെ ലിജോയെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടൊന്നുമില്ലെന്നും മമ്മൂട്ടി പറുയുന്നു.
അന്വേഷിച്ച് പോയിട്ടില്ലെന്നും. പക്ഷെ എല്ലാവരിലേക്കും ആ ഇമോഷന്‍ പകര്‍ന്നു കിട്ടിയെന്ന് മാത്രമാണെന്ന് ഹരീഷും പറഞ്ഞു. ഞാനൊരു ഗ്ലിസറിനായി മാറുമോ എന്നാണ് എന്നും മമ്മൂട്ടി കൗണ്ടര്‍ അടിക്കുന്നുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കരയിപ്പിച്ചിട്ടുള്ള നടന്‍ മമ്മൂക്കയാണ് എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ അപ്പാള്‍ എന്നെ കൊണ്ട് ചിരിപ്പിക്കാനാകില്ലേ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
ഞാനങ്ങ് റിട്ടയര്‍ഡ് ആവാന്‍ പോവുകയാണെന്നും മമ്മൂട്ടി പറയുന്നുണ്ട്. ഇതിന് ഇക്കയുടെ ഇമോഷണല്‍ സീന്‍ കാണുമ്പോള്‍ നമ്മളും ഇമോഷണലാകാറുണ്ടെന്നായിരുന്നു അവതാരകന്റെ മറുപടി. എനിക്ക് ദേഷ്യം വരുമ്പോള്‍ നിങ്ങള്‍ക്കും ദേഷ്യം പിടിക്കുമോ? എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിക്കുന്നത്.
അതേസമയം ആരാധകർ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം അശോകന്‍, രമ്യ പാണ്ഡ്യന്‍ തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയില്‍ നിരവധി തമിഴ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ധാരാളം പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. നേരത്തെ ചിത്രം കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദർശിപ്പിച്ചിരുന്നു. മികച്ച പ്രതികരണങ്ങളായിരുന്നു മേളയില്‍ നിന്നും ചിത്രത്തിന് ലഭിച്ചത്. ജനുവരി 19 നാണ് സിനിമയുടെ റിലീസ്.
പിന്നാലെ ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ക്രിസ്റ്റഫറും മമ്മൂട്ടിയുടേതായി തീയേറ്ററുകളിലെത്തും. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അമല പോള്‍ ആണ് ചിത്രത്തിലെ നായിക. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.