KeralaNews

മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ആയിരം കോടിയിലേറെ രൂപ; പണം നഷ്ടമായവരില്‍ ഒന്നാം സ്ഥാനത്ത് ഈ ജില്ല

തിരുവനന്തപുരം: പലവിധ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരകളാകുകയാണ് മലയാളികള്‍. നിരവധി തട്ടിപ്പുകള്‍ പതിവാക്കിയവര്‍ കേരളത്തിലേക്ക് പുതിയ തട്ടിപ്പുകളുമായി എത്തുകയും ചെയ്യുന്നു. അടുത്തകാലത്തിയി നിരന്തരം തട്ടിപ്പുകള്‍ നടക്കുന്നത് സൈബര്‍ വഴിയിലാണ്. വിര്‍ച്വല്‍ അറസ്്റ്റ് രേഖപ്പെടുത്തി പണം തട്ടുന്നത് അടക്കം പതിവ് പരിപാടിയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്ത തുക കേട്ടാല്‍ ശരിക്കും കേരളം ഞെട്ടും. ആയിരം കോടിയില്‍പ്പരം രൂപയാണ് സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്നും തട്ടിയെടുത്തത്.

2022 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ സൈബര്‍ കുറ്റവാളികള്‍ മലയാളികളുടെ 1021 കോടി രൂപയാണ് തട്ടിയെടുത്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞവര്‍ഷമാണ്. 2024ല്‍ മലയാളികളുടെ 763 കോടി രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 48 കോടിയാണ് നഷ്ടമായത്. എന്നാല്‍ 2023ല്‍ സൈബര്‍ തട്ടിപ്പില്‍ വീണ മലയാളികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു.

2023ല്‍ സംസ്ഥാനത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി 210 കോടി രൂപയാണ് തട്ടിയെടുത്തത്. 2024 ല്‍ ആകെ 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. 2024ല്‍ നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് നഷ്ടമായത്. 114 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കുറവ് പണം നഷ്ടമായത് വയനാട് ജില്ലയിലാണ്. ജില്ലയിലുള്ളവരുടെ 9.2 കോടി രൂപ മാത്രമാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.

2022 മുതല്‍ നഷ്ടപ്പെട്ട ആകെ തുകയില്‍ ഏകദേശം 149 കോടി രൂപ തിരിച്ചുപിടിച്ചതായും പൊലീസ് കണക്ക് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടന്ന 2024ല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത്. ഈ കാലയളവില്‍, പൊലീസ് 76,000 വ്യാജ ഇടപാടുകള്‍ മരവിപ്പിക്കുകയും 107.44 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു. 2022ലും 2023ലും യഥാക്രമം 4.38 കോടി രൂപയും 37.16 കോടി രൂപയുമാണ് തിരിച്ചുപിടിച്ചത്.

തട്ടിപ്പിന് ഇരയായവരില്‍ അഞ്ചിലൊന്ന് പേര്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് (19.5%), തുടര്‍ന്ന് പെന്‍ഷന്‍കാര്‍ (10.9%), വീട്ടമ്മമാര്‍ (10.37%), ബിസിനസുകാര്‍ (10.25%) എന്നിങ്ങനെയാണ് കണക്ക്. 2024 ല്‍ സൈബര്‍ അന്വേഷണ വിഭാഗം തയ്യാറാക്കിയ തട്ടിപ്പിന് ഇരയായവരുടെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇരകളായത് തൊഴില്‍ തട്ടിപ്പിലാണ്. 35.34 ശതമാനം പേരാണ് തൊഴില്‍ തട്ടിപ്പില്‍ വീണത്. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് (34.96%) ആണ് തൊട്ടുപിന്നില്‍.

കഴിഞ്ഞ വര്‍ഷം തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഏകദേശം 50,000 സ്മാര്‍ട്ട്‌ഫോണുകള്‍/ഉപകരണങ്ങള്‍ സൈബര്‍ പൊലീസ് കരിമ്പട്ടികയില്‍ പെടുത്തി. സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ 19,000 സിം കാര്‍ഡുകള്‍, 31,000 വെബ്‌സൈറ്റുകള്‍, 23,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ബ്ലോക്ക് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker