മലപ്പുറം: ഇഷ്ടത്തിനനുസരിച്ച് ഇരുചക്രവാഹനത്തിന് (Two wheeler) മോടികൂട്ടി നിരത്തുകളില്‍ പായുന്ന ഫ്രീക്കന്മാര്‍ സൂക്ഷിക്കുക. ബൈക്ക് മോടി കൂട്ടിയാല്‍ ഖജനാവ് (Treasury) ഉഷാറാകും. കഴിഞ്ഞ ദിവസം രൂപം മാറ്റിയ ബൈക്കിന് അധികൃതര്‍ പിഴയിട്ടത് നൂറും അഞ്ഞൂറുമല്ല, 17000 രൂപ!. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് (Motor vehicle department) വിഭാഗത്തിന്റെയാണ് ഈ എട്ടിന്റെ പണി. നിരത്തില്‍ ചീറിപ്പാഞ്ഞ ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് 17,000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ണ്ടത്താണി സ്വദേശിക്കാണ് പണി കിട്ടിയത്. പിഴ ഈടാക്കിയതിന് പുറമെ വാഹനത്തിന്റെ എക്സ്ട്രാ ഫിറ്റിംഗ്സ് സ്വന്തം ചെലവില്‍ നീക്കി നമ്പര്‍ ബോര്‍ഡ് പ്രവേശിപ്പിച്ചതിന് ശേഷമാണ് വാഹനം വിട്ടുകൊടുത്തത്.
ദേശീയപാതയില്‍ യു. സിറ്റി, തലപ്പാറ, കക്കാട്, പൂക്കിപറമ്പ്, കോട്ടക്കല്‍ മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഒ. കെ കെ സുരേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം എം വി ഐമാരായ സജി തോമസ്, വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നമ്പര്‍പ്ലേറ്റ് (Number Plate) ഇല്ലാത്ത ഇരുചക്ര വാഹനവുമായി നിരത്തിലിറങ്ങിയ കുട്ടി ഡ്രൈവറെ വീട്ടിലെത്തി പൊക്കി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ആലുവയില്‍ (Aluva) ആണ് സംഭവം. കുട്ടമശേരി (Kuttamassery) സ്വദേശിയായ കുട്ടി റൈഡറാണ് കുടുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ആലുവയില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥ വാഹന പരിശോധനയ്ക്കിടെയാണ് കുട്ടമശ്ശേരി (Kuttamassery)സ്വദേശിയായ കുട്ടി ഡ്രൈവര്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്കില്‍ പെണ്‍ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വാഹനം പരിശോധിക്കാനായി നിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പക്ഷേ ബൈക്ക് നിര്‍ത്താതെ വേഗത്തില്‍ ഓടിച്ചു പോയി. എന്നാല്‍ വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്ട്രേഷന്‍ നമ്പര്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. അങ്ങനെ എംവിഡി ഉദ്യോഗസ്ഥര്‍ ഉടമയുമായി ബന്ധപ്പെട്ടു. എന്നാല്‍, വാഹനം വിറ്റതാണെന്ന് ഇയാള്‍ അറിയിച്ചു. പുതിയ ഉടമയുടെ നമ്പര്‍ നല്‍കുകയും ചെയ്‍തു.
എന്നാല്‍ നാല് ആളുകളുടെ കൈകളില്‍ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല എന്ന് ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ 2021-ല്‍ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതില്‍നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഈ വാഹനം വില്‍ക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.
ഇപ്പോള്‍ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്‍റെ സുഹൃത്താണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോള്‍ വാഹനം ഉപയോഗിച്ചിരുന്നത്. ഇതോടെ കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കുകയായിരുന്നു. സുഹൃത്തിന്റെ വാഹനത്തിന് സ്പെയര്‍ പാര്‍ട്‍സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാന്‍ വാങ്ങിയത് എന്നാണ് ചോദ്യം ചെയ്യലില്‍ കുട്ടി റൈഡര്‍ പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.