നിയമവിരുദ്ധ പെൻഷൻ; 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: നിയമവിരുദ്ധമായി ക്ഷേമ പെൻഷൻ വാങ്ങിയ 38 ഉദ്യോഗസ്ഥരെ റവന്യൂ വകുപ്പ് സസ്പെൻഡ് ചെയ്തു. സർവ്വേ ഭൂരേഖ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. നിയമവിരുദ്ധമായി കൈക്കലാക്കിയ പെൻഷൻ തുകയും ഇതിൻ്റെ 18 ശതമാനം പലിശയും ഇവർ കൂട്ടി അടയ്ക്കണം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കി. നേരത്തെ മണ്ണ് സംരക്ഷണ വകുപ്പ് ആറു പേരെ സസ്പെൻഡ് ചെയ്തിരുന്നു. പൊതു ഭരണ വകുപ്പും ആറുപേരെ സർവീസിൽ നിന്നും നീക്കിയിരുന്നു.1458 ജീവനക്കാരാണ് പെൻഷൻ വെട്ടിപ്പ് നടത്തിയത്.
ക്ഷേമ പെൻഷൻ വാങ്ങുന്ന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പട്ടിക നേരത്തെ പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ച് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് പുറത്തിറക്കിയ ഉത്തരവും പുറത്തുവന്നിരുന്നു. ജില്ലാ മൃഗസംരക്ഷണ ഓഫീസർമാർക്ക് ഈ ഉത്തരവ് കൈമാറിയിട്ടും നടപടി ഉണ്ടായിരുന്നില്ല. വാങ്ങിയ ക്ഷേമ പെൻഷനും 18 ശതമാനം പലിശയും ഉടൻ തിരിച്ചുപിടിക്കണമന്നാണ് ഉത്തരവിലുള്ളത്. ഇവർക്കെതിരെ ഉടൻ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. എന്നാൽ ഈ ഉത്തരവ് ജില്ലാ ഓഫീസർമാർ പൂഴ്ത്തുകയായിരുന്നു.
മൃഗസംരക്ഷണ വകുപ്പിൽ ക്രമവിരുദ്ധമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 74 പേരിൽ 70 പേരും ജോയിൻ്റ് കൗൺസിൽ അംഗങ്ങളാണ്. സിപിഐ മന്ത്രിയാണ് മൃഗസംരക്ഷണ വകുപ്പ് കൈകാര്യം ചെയ്യുന്നത്. പെൻഷൻ തട്ടിയെടുത്തവരിൽ ഭൂരിഭാഗവും വിധവകളാണ്. ഭിന്നശേഷിക്കാരായ സർക്കാർ ഉദ്യോഗസ്ഥരും ഈ പട്ടികയിലുണ്ട്. എംപ്ലോയ്മെൻ്റ് എക്സചേഞ്ച് വഴി ജോലി കിട്ടിയവരാണ് ഇത്തരത്തിൽ ക്രമവിരുദ്ധമായി പെൻഷൻ കൈപറ്റിയവരിൽ ഏറെയും