ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അധ്യാപകരുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന സ്‌കൂള്‍ അധികൃതരുടെ പരാതിയില്‍ ഐഐടി വിദ്യാര്‍ഥി അറസ്റ്റില്‍. പട്ന സ്വദേശിയും ഐഐടി ഖരക്പൂരിലെ ബിടെക് വിദ്യാര്‍ഥിയുമായ മഹാവീര്‍ (19) ആണ് അറസ്റ്റിലായത്.
വടക്കന്‍ ഡല്‍ഹിയിലെ സ്‌കൂളിലെ 50ഓളം വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളുമായി വാട്സ്ആപില്‍ ബന്ധപ്പെടാന്‍ ആപുകള്‍ വഴി വ്യാജ കോളര്‍ ഐഡികളും വിര്‍ച്വല്‍ നമ്പറുകളും സൃഷ്ടിച്ചായിരുന്നു ഇയാളുടെ നീക്കം. കൂടാതെ ശബ്ദം മാറ്റുന്നതിനായി മറ്റു ആപുകളും ഉപയോഗിച്ചിരുന്നു.
പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തശേഷം അവരുടെ പേരിലുണ്ടാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ഇയാള്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ പരാതി ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിക്കെതിരെ പോക്സോ, ഐടി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.