കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ശരിയായ അന്വേഷണം നടത്താതെ ഉന്നത പങ്കാളിത്തത്തോടെ കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ വിമർശനം. വിചാരണ കോടതിക്കെതിരായ ആരോപണങ്ങളുടെ അടിസ്ഥാനം എന്താണെന്ന് ഹൈക്കോടതി ആരാഞ്ഞു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിതയുടെ അഭിഭാഷക മറുപടി നൽകി. ഇതോടെ അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുന്നയിച്ചാൽ കോടതിക്ക് നോക്കി നിൽക്കാനാകില്ലെന്ന വിമർശനവും കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി. ഹർജിയിൽ ദിലീപിന്റെ ഭാഗം കൂടി കേൾക്കണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദിലീപിനെ കക്ഷി ചേർത്തു. കേസ് അടുത്ത മാസം ഒന്നിന് പരിഗണിക്കാനായി മാറ്റി.
കൊച്ചി: കാവ്യ മാധവനെയും മഞ്ജു വാര്യരെയും സാക്ഷികളാക്കി നടിയെ ആക്രമിച്ച കേസിൽ അനുബന്ധ കുറ്റപത്രം അന്വേഷണ സംഘം ഇന്ന് സമർപ്പിക്കും. അനുബന്ധ കുറ്റപത്രത്തിൽ ദിലീപിനെതിരെ തെളിവ് നശിപ്പിച്ച കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. കാവ്യ മാധവനെ പ്രതിയാക്കാൻ തെളിവില്ലാത്തതിനാൽ സാക്ഷിയാക്കിയാണ് ക്രൈംബ്രാഞ്ചിന്റെ അനുബന്ധ കുറ്റപത്രം.
കാവ്യ ഉൾപ്പെടെ 102 പുതിയ സാക്ഷികളാണ് കുറ്റപത്രത്തിൽ ഉള്ളത്. ദിലീപിന്‍റെ സുഹൃത്ത് ശരത്താണ് ഏക പ്രതി. നടി ആക്രമിക്കപ്പെട്ട ദൃശ്യം ദിലീപിന്‍റെ കൈയ്യിലുണ്ട്. എന്നാൽ അത് കണ്ടെത്താൻ കഴിയാത്ത വിധം ഒളിപ്പിച്ചെന്നാണ് അനുബന്ധ കുറ്റപത്രത്തിൽ ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. അഭിഭാഷകർ തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നെന്നായിരുന്നു ക്രൈംബ്രാഞ്ച് വാദമെങ്കിലും അഭിഭാഷകരെ പ്രതിയോ സാക്ഷിയോ ആക്കിയിട്ടില്ല.
സംവിധായകൻ ബാലചന്ദ്രകുമാർ പ്രധാന സാക്ഷിയാണ്. സായ് ശങ്കർ, പൾസർ സുനിയുടെ അമ്മ, ദിലീപിന്‍റെ വീട്ടു ജോലിക്കാരനായിരുന്ന ദാസൻ എന്നിവരും സാക്ഷികളാണ്. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ പക്കലുണ്ടെന്നും തന്റെ സാന്നിധ്യത്തിൽ ദിലീപും സഹോദരനും ഉൾപ്പെടെ ദൃശ്യങ്ങൾ കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിനെ തുടർന്നെടുത്ത കേസിൽ അനുബന്ധ കുറ്റപത്രം ഇന്ന് കോടതിയിൽ എത്തുമ്പോൾ ദിലീപിനെതിരെ ശക്തമായ തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ സംഘം എത്രമാത്രം മുന്നേറി എന്ന സംശയമുണ്ട്.