KeralaNews

ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം, സത്യം തെളിയാൻ ഏതറ്റം വരെയും പോകും’: പിതാവ് ജെയിംസ്

കോട്ടയം: ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജസ്ന തിരോധാനത്തിൽ സത്യം തെളിയാൻ ഏതറ്റം വരെയും പോകുമെന്നും പിതാവ് ജെയിംസ്. കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയ സംഭവത്തിൽ‍ പ്രതികരിക്കുകയായിരുന്നു പിതാവ്. 

സത്യം പുറത്തുവരണം. സത്യം തെളിയാൻ ഏതറ്റം വരെയും പോകും. ജസ്ന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. താനും ജസ്നയുടെ സഹപാഠിയും നുണപരിശോധനയ്ക്ക് വിധേയരായി.പൊലീസ് അന്വേഷണം തുടക്കത്തിലേ പാളിയെന്നും ജെയിംസ് പറഞ്ഞു. പരാതി നൽകി എട്ടു ദിവസത്തിന് ശേഷമാണ് പൊലീസ് വീട്ടിലെത്തിയതെന്നും ജെയിംസ് കൂട്ടിച്ചേർത്തു.

ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി. ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. ജസ്ന തിരോധാനം സംബന്ധിച്ച് കൂടുതൽ തെളിവുകൾ ലഭിക്കുമ്പോൾ തുടർ അന്വേഷണം നടത്താമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്.

2018 മാര്‍ച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയിൽ നിന്നും കാണതാകുന്നത്. വീട്ടില്‍ നിന്നും മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകും വഴിയായിരുന്നു തിരോധാനം. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പൊലീസിന്‍റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല.

അന്വേഷണ പുരോഗതിയില്ലെന്ന് കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്‍റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രുവരിയിലായിരുന്നു കോടതി ഉത്തരവ്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button