KeralaNews

കലൈഞ്ജറുടെ ചെറുമകനാണ് ഞാൻ, മാപ്പ് പറയില്ല, കോടതിയിൽ കാണാമെന്നും ഉദയനിധി സ്റ്റാലിൻ

ചെന്നൈ: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് തമിഴ്‌നാട് ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ഉദയനിധി സ്റ്റാലിന്‍. തന്റെ വാക്കുകളെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുയായിരുന്നുവെന്നും ദ്രാവിഡ നേതാക്കളായ പെരായറിന്റെയും അണ്ണാദുരൈയുടെയും കരുണാനിധിയുടെയും ആശയങ്ങളാണ് താന്‍ പങ്കുവെച്ചതെന്നും ഉദയനിധി പറഞ്ഞു. കോടതിയില്‍ കാണാമെന്നും ഉദയനിധി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കവെയാണ് സനാതനധര്‍മത്തെ തുടച്ചുനീക്കണമെന്ന് ഉദയനിധി പറഞ്ഞത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ അസമത്വവും അനീതിയും വളര്‍ത്തുന്ന സനാതനധര്‍മം സാമൂഹികനീതിയെന്ന ആശയത്തിന് വിരുദ്ധമാണ്. കൊതുകിനെയും മലമ്പനിയെയും കോവിഡിനെയും ഡെങ്കിപ്പനിയെയും എതിര്‍ത്തതുകൊണ്ട് കാര്യമില്ല, അവയെ ഉന്മൂലനംചെയ്യുകയാണ് വേണ്ടത്. സനാതനധര്‍മവും അതുപോലെയാണെന്നുമായിരുന്നു ഉദയനിധി പറഞ്ഞത്.

അന്നത്തെ വിവാദപരാമർശത്തിനെത്തിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദു സംഘടനകളും ഉദയനിധിക്കെതിരെ നിരന്തരമായ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഉദയനിധി നിരുപരാധികം മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം.

"സ്ത്രീകളെ പഠിക്കാന്‍ അനുവദിച്ചിരുന്നില്ല. അവര്‍ക്ക് വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യയും മരിക്കണമായിരുന്നു. ഇതിനെതിരെയാണ് പെരിയാര്‍ ശബ്ദമുയര്‍ത്തിയത്". പെരിയാറും അണ്ണായും കലൈഞ്ജറും പറഞ്ഞത് ഏറ്റുപറയുക മാത്രമാണ് താന്‍ ചെയ്തതെന്നും തിങ്കളാഴ്ച നടന്ന പരിപാടിയില്‍ പറഞ്ഞു.

തന്റെ വാക്കുകള്‍ വളച്ചൊടിച്ച് തമിഴ്‌നാട്ടില്‍ മാത്രമല്ല ഇന്ത്യയിലുടനീളമുള്ള കോടതികളില്‍ കേസ് ഫയല്‍ ചെയ്തു. താന്‍ മാപ്പ് പറയണമെന്നാണ് അവര്‍ പറയുന്നത്. പക്ഷെ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കലൈഞ്ജറുടെ ചെറുമകനാണ് താന്‍. മാപ്പ് പറയില്ല. എല്ലാ കേസുകളും നേരിടുമെന്നും ഉദയനിധി പറഞ്ഞു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംസ്ഥാന ഗാനത്തിലെ വരി ഒഴിവാക്കിയത് ഇതിന്റെ തെളിവാണെന്നും ഉദയനിധി ആരോപിച്ചു. അടുത്തിടെ ഗവര്‍ണര്‍ പങ്കെടുത്ത ദൂരദര്‍ശന്റെ പരിപാടിക്കിടെ സംസ്ഥാന ഗാനം ആലപിച്ചപ്പോള്‍ ചില വാക്കുകള്‍ ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയാണ് ഉദയനിധിയുടെ വിമര്‍ശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker