തിരുവനന്തപുരം: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഭിപ്രായ സര്‍വേ പുറത്ത് വിട്ട് മനോരമ ന്യൂസ്. ഇതില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന് അനുകൂലമായാണ് ഭൂരിഭാഗം പേരും പ്രതികരിച്ചത്. പിണറായി സര്‍ക്കാരിന്റെ ജനപിന്തുണയില്‍ കുറവുണ്ടായിട്ടില്ലെന്നാണ് മനോരമ ന്യൂസ് – വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനം ഏറ്റവും മികച്ചത് എന്ന് സര്‍വേയില്‍ പങ്കെടുത്ത 18.95 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. 33.23 ശതമാനം പേര്‍ മികച്ചത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രകടനത്തെ വിലയിരുത്തുന്നത്. സര്‍ക്കാരിന്റെ പ്രകടനത്തില്‍ ശരാശരി മാര്‍ക്ക് നല്‍കുന്നത് 29.05 ശതമാനം പേരാണ്. അതേസമയം സര്‍ക്കാര്‍ മോശമെന്ന് അഭിപ്രായമുള്ളത് 14.28 ശതമാനം പേര്‍ക്ക്ും തീരെ മോശം എന്ന് പറഞ്ഞത് 4.49 ശതമാന പേരുമാണ്.
സര്‍വേയില്‍ പങ്കെടുത്ത 52.18 പേരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ലോക്‌സഭാ മണ്ഡലത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാലും എല്‍ ഡി എഫിന് വലിയ ആവേശം നല്‍കുന്ന ഫലമാണ് സര്‍വേ പങ്ക് വെക്കുന്നത്. എല്‍ ഡി എഫ് സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ളത് രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലാണ് എന്ന് സര്‍വേ പറയുന്നു
വയനാട്ടില്‍ സര്‍വേയില്‍ പങ്കെടുത്ത 37.47 ശതമാനം പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറ്റവും മികച്ചതെന്ന് വിലയിരുത്തുമ്പോള്‍ മികച്ചതെന്ന് പറയുന്നവര്‍ 30.8 ശതമാനമാണ്. ഇത് രണ്ടും ചേരുമ്പോള്‍ 68.27 ശതമാനമാകും. സര്‍ക്കാര്‍ മോശമെന്നും തീരെ മോശമെന്നും അഭിപ്രായമുള്ളത് 8.4 ശതമാനം പേര്‍ക്ക് മാത്രമാണ് എന്നും സര്‍വേയില്‍ പറയുന്നു. മുസ്ലീം ലീഗിന്റെ കോട്ടയായ മലപ്പുറത്ത് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം പേരും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണ്.
ഏറ്റവും മികച്ചതെന്ന് 33.86 ശതമാനവും മികച്ചതെന്ന് 41.11 ശതമാനവും ആണ് വിലയിരുത്തുന്നത്. വടകര (62.04), ചാലക്കുടി (51.12), കോഴിക്കോട് (54.85), ഇടുക്കി (69.98), ആലത്തൂര്‍ (52.45), ആറ്റിങ്ങല്‍ (52.85), പത്തനംതിട്ട ( 56.34), മാവേലിക്കര (51.38) മണ്ഡലങ്ങളിലും പകുതിയിലേറെപ്പേര്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ലതാണെന്ന് അഭിപ്രായപ്പെടുന്നു എന്നാണ് മനോരമ ന്യൂസ് – വി എം ആര്‍ മൂഡ് ഓഫ് ദ് സ്റ്റേറ്റ് സര്‍വേയില്‍ പറയുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം തീരെ മോശമെന്ന് അഭിപ്രായമുള്ളവര്‍ കൂടുതലുള്ള മണ്ഡലങ്ങള്‍ കോട്ടയവും (10.5) കാസര്‍കോടും (8.5) കണ്ണൂരും (8.11) കൊല്ലവുമാണ്. ഇടുക്കി (0.55), തിരുവനന്തപുരം (0.86), പത്തനംതിട്ട (0.93) മണ്ഡലങ്ങളിലാണ് ഇതേ ചോദ്യത്തിന് ഏറ്റവും കുറവ് പേര്‍ പ്രതികരിച്ചത്. പൊന്നാനിയില്‍ 30.79 ശതമാനം പേരുടെ നിലപാട് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്നാണ്. മാവേലിക്കരയില്‍ 25.43 ശതമാനം പേര്‍ക്കും കണ്ണൂരില്‍ 21.94 ശതമാനത്തിനും കാസര്‍കോട് 10.12 ശതമാനം പേര്‍ക്കും ഇതേ അഭിപ്രായമാണ് എന്ന് സര്‍വേയില്‍ പറയുന്നു.