KeralaNews

അത്ഭുതപ്പെടുത്തുന്നു, ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓര്‍മപ്പെടുത്തല്‍’ എയര്‍ലിഫ്റ്റിംഗിന് 132.62 കോടി രൂപ ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഹൈക്കോടതി

കൊച്ചി: വയനാട് ചൂരല്‍മലമുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു പിന്നാലെ, മുന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പണം കേന്ദ്രം ആവശ്യപ്പെട്ടതില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. കാലങ്ങളായി ഈ തുക ചോദിക്കാതിരുന്ന കേന്ദ്രസര്‍ക്കാറിന് ഇപ്പോഴെന്താണ് താല്‍പ്പര്യം എന്നു ചോദിച്ചാണ് ഹൈക്കോടതി വിമര്‍ശിച്ചത്. ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് 132.62 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇക്കാര്യം പരിഗണിച്ചു കൊണ്ടായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

ജൂലൈ 30നാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. 2016, 2017 വര്‍ഷങ്ങളിലെ ദുരന്തങ്ങളുടെ എയര്‍ലിഫ്റ്റിങ് ചാര്‍ജുകള്‍ ഓര്‍മപ്പെടുത്തി 2024 ഒക്ടോബര്‍ 22ന് കേന്ദ്രം കത്തയച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തിനു തൊട്ടുപിന്നാലെ എങ്ങനെയാണ് ഇത്തരമൊരു ‘മാന്ത്രിക ഓര്‍മപ്പെടുത്തല്‍’ അയച്ചത് എന്നും കോടതി വാക്കാല്‍ ചോദിച്ചു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ ആവശ്യമായ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മറുപടി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, എസ്.ഈശ്വരന്‍ എന്നിവരുെട ബെഞ്ച് കേന്ദ്രത്തോട് ചോദ്യങ്ങള്‍ ആരാഞ്ഞത്.

ദുരന്തത്തെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം ആവശ്യപ്പെട്ടിട്ടുണ്ടല്ലോ എന്നു കോടതി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നടത്തിയതിന് കേന്ദ്രത്തിനു നല്‍കാന്‍ സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടില്‍ (എസ്ഡിആര്‍എഫ്) വകയിരുത്തിയിട്ടുള്ള തുക വാങ്ങുന്നത് കുറച്ചുനാള്‍ നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കാനും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

132.62 കോടി രൂപയില്‍ 2024 മേയ് മാസം വരെയുള്ള 120 കോടി രൂപ കേരളം നല്‍കുന്നത് തല്‍ക്കാലത്തേക്ക് നീട്ടിവയ്ക്കുന്നത് അനുവദിക്കാമോ എന്ന് ഇനി കേസ് പരിഗണിക്കുന്ന ജനുവരി 10ന് കേന്ദ്രം അറിയിക്കണം. ഇതിനൊപ്പം എസ്ഡിആര്‍എഫിലെ തുക ചെലവഴിക്കുന്നതിന് മാനദണ്ഡങ്ങളില്‍ ആവശ്യമായ ഇളവ് അനുവദിക്കുന്ന കാര്യവും കേന്ദ്രം അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര ആശ്വാസമായി 219 കോടി രൂപ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അടുത്തിടെ 153 കോടി രൂപ കേന്ദ്രം അനുവദിച്ചെങ്കിലും നിബന്ധനകള്‍ക്ക് വിധേയമായിരുന്നു.

എസ്ഡിആര്‍എഫിലുള്ള തുകയുടെ 50 ശതമാനം വിനിയോഗിക്കുന്നതിന് അനുസൃതമായി മാത്രമേ ഈ തുക ലഭിക്കൂ എന്നതായിരുന്നു ഇത്. എന്നാല്‍ എസ്ഡിആര്‍എഫില്‍ 700.5 കോടി രൂപ ഉണ്ടെങ്കിലും ഇതില്‍ 638.97 കോടി രൂപയും പലവിധ ആവശ്യങ്ങള്‍ക്കായി ഇതിനകം തന്നെ വകയിരുത്തിയിട്ടുള്ളതാണ്. ബാക്കി വരുന്ന 61.03 കോടി രൂപ മാത്രമാണെന്നും സംസ്ഥാനം ചൂണ്ടിക്കാട്ടിയിരുന്നു. ഫലത്തില്‍ 153 കോടി രൂപ ലഭിക്കില്ല എന്നതാണ് ഇതിനര്‍ഥമെന്നും സംസ്ഥാന സര്‍ക്കാര്‍ പറയുന്നു.

തുടര്‍ന്നാണ് എസ്ഡിആര്‍എഫില്‍ മുന്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ പ്രതിഫലമായി നീക്കി വച്ചിട്ടുള്ള 120 കോടി രൂപ അടിയന്തരമായി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ അനുവദിക്കാമോ എന്നറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. പുതുവത്സരത്തില്‍ വയനാട് നടത്താന്‍ തീരുമാനിച്ചിട്ടുള്ള ഫെസ്റ്റിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker