കൊച്ചി: വഴിയരികിലെ അനധികൃത ബോർഡുകളും ഫ്ലക്സുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. 10 ദിവസത്തിനുള്ളിൽ എല്ലാ അനധികൃ ബോർഡുകളും ഫ്ലക്‌സുകളും നീക്ക ചെയ്യണമെന്ന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. അടുത്തയാഴ്ച കേസ് പരിഗണിക്കുമ്പോൾ ഇതു സംബന്ധിച്ച വ്യക്തമായ കണക്കുകൾ സമർപ്പിക്കണമെന്നും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫിന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകി.
അല്ലാത്ത പക്ഷം, തദ്ദേശ വകുപ്പ് സെക്രട്ടറിമാരിൽ നിന്ന് പിഴ ഈടാക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.അനധികൃത ബോർഡുകളും ഫ്ലക്‌സുകളുമൊക്കെ നീക്കം ചെയ്യണമെന്നു സർക്കാരിന്റെ തന്നെ ഉത്തരവുള്ള കാര്യം ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ഇല്ലെങ്കിൽ 5000 രൂപ പിഴയീടാക്കുമെന്നും സർക്കാരിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. എന്നാൽ, വ്യക്തമായി ലംഘിക്കപ്പെടുകയാണ്. എന്നിട്ടും എന്തുകാണ്ടാണ് സർക്കാർ നടപടി സ്വീകരിക്കാത്തതെന്ന് കോടതി ചോദിച്ചു.
ഭരണസംവിധാനത്തിന്റെ അപര്യാപ്തതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത് എന്നും കോടതി നിരീക്ഷിച്ചു. സർക്കാരിലെ ഉന്നതരുടെ അടക്കം ചിത്രങ്ങളും പേരുകളുമാണ് പല ബോർഡുകളിലുമുള്ളത്. തങ്ങളുടെ ചിത്രങ്ങൾ അനധികൃതമായി പതിപ്പിക്കരുതെന്ന് ഉത്തരവിടാൻ സർക്കാർ തയാറാകുമോയെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.