KeralaNews

പൂനെയിൽ കനത്ത മഴ, മൂന്നു മരണം, വ്യാപക നാശനഷ്ടം,റെഡ് അലർട്ട്; ഹിമാചലിൽ മേഘവിസ്ഫോടനം

മുംബൈ:പൂനെയിൽ കനത്ത മഴയിൽ വ്യാപക നാശം. പലയിടങ്ങളിലും വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചു. മഴയെ തുടർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. അഭിഷേക് ഘനേക്കർ, ആകാശ് മാനെ, ശിവ പരിഹാർ എന്നിവരാണ് മരിച്ചത്. ഡെക്കാൻ ജിംഖാന പ്രദേശത്ത് വെള്ളത്തിൽ വീണ കൈവണ്ടി വീണ്ടെടുക്കാൻ ശ്രമിക്കവെ വൈദ്യുതാഘാതമേറ്റാണ് ഇവർ മരിച്ചത്.

പിംപ്രി-ചിഞ്ച്‌വാഡ് മേഖലയിൽ നിരവധി റെസിഡൻഷ്യൽ അപ്പാർട്ട്‌മെൻ്റുകൾ വെള്ളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തിൽ മേഖലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ജില്ലയിൽ റെഡ് അലർട്ട് ആണ്. ഏകതാ നഗർ പോലെ വെള്ളം കയറിയ ഭാഗത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബോട്ടുകൾ ഉപയോഗിച്ചാണ് അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ആളുകളെ ഒഴിപ്പിക്കുന്നത്. മഴയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുത നദിയിലെ ബാബ ഭിഡെ പാലം വെള്ളത്തിനടിയിലായി. മഴയിൽ ഖഡക്‌വാസ്‌ല അണക്കെട്ട് പൂർണ ശേഷിയിൽ എത്തി. മുത നദിക്കരയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 48 മണിക്കൂർ അടച്ചിടാൻ പൂനെ കളക്ടർ സുഹാസ് ദിവാസെ ഉത്തരവിട്ടു. വെള്ളത്തിൽ മുങ്ങാൻ സാധ്യതയുള്ള പാലങ്ങളിൽ ഗതാഗതം നിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുംബൈയിലും കനത്ത മഴ തുടരുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു. നഗരത്തിലേക്ക് വെള്ളം എത്തിക്കുന്ന ഏഴ് തടാകങ്ങളിൽ ഒന്നായ വിഹാർ തടാകം ഇന്ന് പുലർച്ചെ കരകവിഞ്ഞൊഴുകാൻ തുടങ്ങിയെന്ന് ബ്രിഹൻ ബൈ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. 2769 കോടി ലിറ്ററാണ് തടാകത്തിൻ്റെ ശേഷി.

മേഘലിസ്ഫോടനത്തെ തുടർന്ന് മണാലിയിൽ കനത്ത നാശം. വെള്ളപ്പൊക്കത്തിൽ പൽചാനിൽ രണ്ട് വീടുകൾ ഒലിച്ചുപോയി. പ്രദേശത്തുള്ള പാലത്തിനും വൈദ്യുതി പദ്ധതിക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മണാലി-ലേ റോഡ് അടച്ചു.അതേസമയം ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.

ബുധനാഴ്ച ഹിമാചൽ മേഖലയിലെ 15 റോഡുകൾ അടച്ചിരുന്നു. മഴയിൽ 62 ട്രാൻസ്ഫോർമറുകൾ തകരാറിലായതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെൻ്റർ അറിയിച്ചു. കനത്ത കൃഷി നാശവും ഉണ്ടായി. ജൂലൈ 28 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്. ഇന്ന് മേഖലയിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker