കൊച്ചി: മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു റിമ കല്ലിങ്കൽ. നിലവിൽ സിനിമയിൽ അത്ര സജീവമല്ലെങ്കിലും ഇൻസ്‌റ്റഗ്രാം പോസ്‌റ്റിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും താരം ലൈംലൈറ്റിൽ തന്നെയുണ്ട്. താരം പങ്കുവയ്ക്കുന്ന ഫോട്ടോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. സമകാലിക വിഷയങ്ങളിൽ പല രീതിയിലും റിമ കല്ലിങ്കൽ പ്രതികരിക്കാറുമുണ്ട്. അവയിൽ പലതും വിമർശന വിധേയമാവുന്നത് സാധാരണ കാഴ്‌ചയാണ്.
ഇപ്പോഴിതാ സ്ത്രീകളോട് ഇഷ്‌ട വസ്‌ത്രം ധരിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് റിമ കല്ലിങ്കൽ. ഇൻസ്‌റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്‌റ്റിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം. വസ്‌ത്ര ധാരണത്തിൽ സമൂഹത്തെ ഭയക്കേണ്ടതില്ലെന്നും നമ്മുടെ താൽപര്യങ്ങളാണ് പ്രധാനമെന്നും താരം പറഞ്ഞുവയ്ക്കുന്നു. ഹണി റോസ്-ബോബി ചെമ്മണ്ണൂർ വിഷയം കത്തി നിൽക്കുന്ന വേളയിലാണ് റിമ കല്ലിങ്കലിന്റെ പോസ്‌റ്റ് എന്നതാണ് പ്രധാന കാര്യം.
നടി ഹണി റോസ് നൽകിയ ലൈംഗിക അധിക്ഷേപ പരാതിയെ തുടർന്ന് ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് റിമ കല്ലിങ്കൽ തന്റെ പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതിനെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെ കമന്റുകളാണ് വരുന്നത്. കൂടുതൽ പേരും റിമയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്‌തത്.
‘പ്രിയപ്പെട്ട സ്ത്രീകളേ, ഇടുമ്പോള്‍ നിങ്ങള്‍ക്ക് രസവും സുഖവും തോന്നുന്ന ഉടുപ്പിടുക, ആത്മവിശ്വാസവും സന്തോഷവും തോന്നുന്ന ഉടുപ്പുകള്‍. ലൈംഗിക ദാരിദ്ര്യം പിടിച്ച, അരക്ഷിതവും ഭയം നിറഞ്ഞതുമായ സമൂഹം എന്തു ചിന്തിക്കുന്നു എന്നോര്‍ത്ത് ആശങ്കപ്പെടാന്‍ മാത്രം നീളമില്ല നമ്മുടെ ജീവിതത്തിന്’ എന്നായിരുന്നു റിമ പോസ്‌റ്റിൽ കുറിച്ചത്.
പോസ്‌റ്റ് വൈറൽ ആയതിന് പിന്നാലെ ചിലർ വിദ്വേഷ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. റിമയുടെ നിലപാടിനെ എതിർത്തുകൊണ്ടാണ് ഇവർ സംസാരിക്കുന്നത്. ‘ഉടുപ്പിടാതെയും നടക്കൂ’ എന്നായിരുന്നു ഒരു വ്യക്തി പങ്കുവച്ച കമന്റ്. വേറെ ചിലർ റിമയുടെ ഭർത്താവ് ആഷിഖ് അബുവിനെ പരിഹസിക്കുകയും ഇതിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നുണ്ട്.
‘നിങ്ങൾക് ഇഷ്‌ടം ഉള്ളത് ഇടാൻ ഉള്ള ഫ്രീഡം പോലെ തന്നെ, ബാക്കി ഉള്ളവർക്കു അവർ കാണുന്നതിനെ കുറിച്ച് പരാമർശിക്കാനും കമന്റ്സ് പറയാനും ഉള്ള റൈറ്റ് ഉണ്ട് ഹേയ്, ഇങ്ങനെ ഒകെ നടക്കാൻ ആഗ്രഹം ഉണ്ട് എങ്കിൽ അത് കേൾക്കാൻ കൂടി ഉള്ള മൈൻഡ് സെറ്റ് ഉണ്ടാക്കി എടുത്താൽ പോരേ പെങ്ങമാരെ നിങ്ങൾക്ക്, അല്ലാത്ത കിടന്നു മോങ്ങിട്ട് ഒരു കാര്യവും ഇല്ല, ഇങ്ങനെ മാത്രം അല്ലല്ലോ വസ്ത്രം ധരിക്കാൻ പറ്റുക, ഡീസന്റ് ആയ രീതി കൂടി ഉണ്ടല്ലോ വസ്ത്രധാരണത്തിന്’ എന്നായിരുന്നു ഒരു വ്യക്തി അഭിപ്രായം രേഖപ്പെടുത്തിയത്.
ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ അദ്ദേഹത്തിന് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ വിഷയത്തിൽ കാര്യമായ ചർച്ചകളാണ് നടക്കുന്നത്. ബോബി അനുകൂലികൾ ഭൂരിഭാഗവും ഹണി റോസിന്റെ വസ്ത്രധാരണത്തെയാണ് കുറ്റപ്പെടുത്തുന്നത്. ഹണി റോസ് മോശം രീതിയിലാണ് വസ്‌ത്രം ധരിക്കുന്നത് എന്നായിരുന്നു ഇവരുടെ ആരോപണം. അതിനിടെയാണ് വിഷയത്തിൽ റിമ തന്റെ നിലപാട് വ്യക്തമാക്കിയത്.