KeralaNews

കോഴിക്കോട് ജില്ലയിൽ നാളെ ഹർത്താൽ

കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കോഴിക്കോട് ജില്ലിയിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് കോൺഗ്രസ്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ്‌ പ്രവീൺ, എംകെ രാഘവൻ എംപി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഹർത്താൽ പ്രഖ്യാപിച്ചത്. 

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു. 5000 ഓളം കള്ളവോട്ട് സിപിഎം ചെയ്തു. 10000 കോൺഗ്രസ് വോട്ടർമാരെ അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു. പൊലീസ് സിപിഎം അഴിഞ്ഞാട്ടത്തിന് കൂട്ടു നിന്നു. കോഴിക്കോട് കമ്മീഷ്ണർ വിളിച്ചപ്പോൾ ഫോൺ പോലും എടുത്തില്ല.

കോൺഗ്രസ് പ്രവർത്തകർക്ക് സിപിഎം ആക്രമണത്തിൽ പരിക്കുപറ്റി. വനിത വോട്ടർമാരെ കയ്യേറ്റം ചെയ്തു. വോട്ടർമാരല്ലാത്ത സിപിഎം പ്രവർത്തകർ പുലർച്ചെ 4 മണിയോടെ എത്തി. പലരും വ്യാജ ഐഡി കാർഡുമായാണ് വന്നത്. കൂടുതൽ പൊലീസുകാരെ അയക്കാമെന്ന് പറഞ്ഞതല്ലാതെ ഇടപെട്ടില്ലെന്നും സിപിഎം നടത്തിയത് കണ്ണൂർ മോഡൽ ആക്രമണമാണെന്നും നേതാക്കൾ പറഞ്ഞു.

പൊലീസ് ആൻ്റ് സാഹകരണ വകുപ്പിനെതിരെ കോടതിയെ സമീപിക്കുമെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് ജയിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പു റദ്ദാക്കണം എന്ന് കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു. 

കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. രാവിലെ എട്ടുമണിക്ക് വോട്ടെടുപ്പ് തുടങ്ങിയതിന് പിന്നാലെ തന്നെ കോൺഗ്രസും സിപിഎം പിന്തുണയുള്ള കോൺഗ്രസ് വിമതരും തമ്മിൽ കള്ളവോട്ട് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയിരുന്നു.

വോട്ടർമാരുമായി എത്തിയ ഏഴ് വാഹനങ്ങൾക്ക് നേരെ വിവിധ ഇടങ്ങളിൽ ആക്രമണം ഉണ്ടായി. ഏതാനും കോൺഗ്രസ് പ്രവർത്തകർക്കും മർദ്ദനമേറ്റു. അതേസമയം വ്യാജ ഐഡി കാർഡുകൾ നിർമ്മിച്ചും മറ്റും കോൺഗ്രസാണ് കള്ളവോട്ടിനു നേതൃത്വം നൽകുന്നതാണ് സിപിഎമ്മിന്റെ ആരോപണം. വോട്ടെടുപ്പ് നടക്കുന്ന പറയഞ്ചേരി സ്കൂളിന് പുറത്ത് കോൺഗ്രസ്- സിപിഎം പ്രവർത്തകർ നേർക്കു നേർ തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker