KeralaNews

പ്രശാന്തിനെതിരെ കടുത്ത നടപടിക്ക് സർക്കാർ; കത്തിന് ചീഫ് സെക്രട്ടറി മറുപടി നൽകില്ല

തിരുവനന്തപുരം: സസ്പെന്‍ഷനിൽ കഴിയുന്ന എന്‍. പ്രശാന്തിനെതിരെ വകുപ്പ് തല അന്വേഷണത്തിന് എന്‍ക്വയറി ഓഫീസറെ നിയമിക്കുന്നതടക്കം നടപടികളിലേക്ക് കടക്കാൻ സർക്കാർ. ചാർജ് മെമ്മോക്കുള്ള പ്രശാന്തിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് സര്‍ക്കാർ. മെമ്മോ നല്‍കിയ ചീഫ് സെക്രട്ടറിയോട് പ്രശാന്ത് തിരിച്ച് വിശദീകരണം ആവശ്യപ്പെട്ടത് സര്‍ക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രശാന്തിന്‍റെ വിശദീകരണ കത്തിന് മറുപടി കൊടുക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.

സസ്പെന്‍ഷനിലായിട്ടും അച്ചടക്ക ലംഘനം തുടരുന്ന എൻ പ്രശാന്തിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കുകയാണ് സരക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെയും വ്യവസായ വകുപ്പ് മുന്‍ ഡയറക്ടർ കെ ഗോപാലകൃഷ്ണനെയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് പ്രശാന്തിനെ സസ്പെന്‍റ് ചെയ്തത്. തൊട്ടുപിറകെ ചാർജ് മെമ്മോ നല്‍കിയപ്പോൾ തിരിച്ച് ചീഫ് സെക്രട്ടറിയോടെ വിശദീകരണം ചോദിച്ച പ്രശാന്തിന‍്റെ നടപടി സര്‍ക്കാരിനെ ഞെട്ടിച്ചു. 

തനിക്കെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നിരിക്കെ എന്തിന് ചാർജ് മെമ്മോ എന്നായിരുന്നു പ്രശാന്തിന്‍റെ പ്രധാന ചോദ്യം. ഇതടക്കം ഏഴ് ചോദ്യങ്ങള്‍ക്ക് വിശദീകരണം നൽകാതെ മെമ്മോക്ക് മറുപടി തരില്ലെന്നും കത്തിൽ പ്രശാന്ത് വ്യക്തമാക്കി. രണ്ടാഴ്ച കഴിഞ്ഞിട്ടും ഒരു പ്രതികരണവും ഇല്ലാതെ വന്നതോടെ ഒരു കത്ത് കൂടി പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് അയച്ചു. എന്നാൽ സസ്പെന്‍ഷനിൽ കഴിയുന്ന ഒരു ഉദ്യോഗസ്ഥന്‍റെ കത്തുകളോട് പ്രതികരിക്കേണ്ട ബാധ്യത തനിക്കില്ലെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്.

ഇതോടെ ചാർജ് മെമ്മോക്ക് മറുപടി നല്‍കാനാണ് പ്രശാന്തിന്‍റെ തീരുമാനം. ചാർജ് മെമ്മോ കിട്ടി 30 ദിവസത്തിനകമാണ് മറുപടി നൽകേണ്ടത്. ഈ കാലാവധി ഉടൻ അവസാനിക്കും. മറുപടി കിട്ടിയ ശേഷം എന്‍ക്വയറി ഓഫീസറും പ്രസന്‍റിംഗ് ഓഫീസറും അടങ്ങുന്ന സമിതിയെ സ‍ർക്കാർ വകുപ്പ് തല അന്വേഷണത്തിനായി നിയോഗിക്കും. സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടികൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker