തിരുവനന്തപുരം: ശബരിമലയെ അപവാദപ്രചാരണത്തിന് ഉപയോഗിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമാണിതെന്ന് ആരോപിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ആദ്യം ബി.ജെ.പി ഇത് ഉയര്‍ത്തികൊണ്ടുവരികയും പിന്നീട് യു.ഡി.എഫ് ഏറ്റുപിടിക്കുകയുമായിരുന്നു.
വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും പിന്നീട് മനസ്സിലായെന്നും എല്ലാ കള്ളപ്രചാരണങ്ങളേയും ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നവകേരള സദസ്സ് മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്‌നം ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക ഉപരോധമാണ്. ഈ യാഥാര്‍ഥ്യം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും എത്തിയിട്ടുണ്ട്. കേരളത്തിലെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, കേന്ദ്രത്തിന്റെ അവഗണന സംസ്ഥാനത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടിവന്നു.
ഇത് സ്വാഭാവികമായും ഇതുവരെ യു.ഡി.എഫ് ചൂണ്ടികാട്ടിയ ധാരണകള്‍ക്ക് വ്യത്യസ്തമാണ്. ടി.എന്‍. പ്രതാപനനെപോലുള്ള ചില കോണ്‍ഗ്രസ് എം.പിമാര്‍തന്നെ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഇടപെടുമെന്ന് പറയുന്നനിലവരെ എത്തിയെന്നും ഗോവന്ദന്‍ പറഞ്ഞു.
ഗവര്‍ണറുടെ നിലപാടാണ് മറ്റൊരുപ്രശ്‌നം. ഗവര്‍ണറായുള്ള അദ്ദേഹത്തിന്റെ കാലാവധി ചുരുക്കം മാസമേയുള്ളൂ. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിലേക്ക് എങ്ങനെ കടന്നുവരാമെന്ന് ആലോചിച്ചതിന്റെ ഭാഗമാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെല്ലാം. സംസ്ഥാനസര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ ഒരുഗവര്‍ണര്‍ക്ക് യോജിച്ചതാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്.
സംഘപരിവാര്‍ വിഭാഗങ്ങളെ സര്‍വ്വകലാശാലകളിലേക്ക് തിരുകിക്കയറ്റികൊണ്ട് രാഷ്ട്രീയംകളിക്കുന്ന നിലപാടാണ് ഗവര്‍ണറുടെത്. കേരളസര്‍വ്വകലാശാല സെനറ്റിലേക്കുനടന്ന നാമനിര്‍ദേശം തെറ്റാണെന്നുകണ്ടാണ് കോടതി ഇത് സ്‌റ്റേ ചെയ്തത്. എവിടുന്നാണ് നാമനിര്‍ദേശം ചെയ്തവരുടെ പേരുകള്‍ കിട്ടയത് എന്ന് ഗവര്‍ണര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇങ്ങനെ പെരുമാറിയാല്‍ പ്രതിഷേധമുണ്ടാകുക സ്വാഭാവികമാണെന്നും ഇത് ഉള്‍ക്കൊള്ളാനുള്ള മനസ്സാണ് ഗവര്‍ണര്‍ കാണിക്കേണ്ടതെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.
കിഫ്ബിയുമായി ബന്ധപ്പെട്ട് മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് അയച്ച സമന്‍സ് പിന്‍വലിച്ചതായി ഇ.ഡി കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. ചുറ്റിക്കളിക്കേണ്ടായെന്ന് കോടതിതന്നെ പറഞ്ഞതോടെ ഈ ചുറ്റിക്കളി ഇപ്പോള്‍ അവസാനിപ്പിച്ചിരിക്കുകയാണ്. കേന്ദ്ര ഏജന്‍സികളെ സംബന്ധിച്ച് സി.പി.എം ഏറെക്കാലമായി പറയുന്ന കാര്യങ്ങള്‍ അടിവരയിടുന്നതാണ് കോടതിവിധിയെന്നും അദ്ദേഹം പറഞ്ഞു.