CrimeKeralaNews

ഗഫൂറിന്‍റെ കൊലപാതകം; ജിന്നുമ്മ അടക്കമുള്ള പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

കാസര്‍കോട്: കാസര്‍കോട് പൂച്ചക്കാട് അബ്ദുല്‍ ഗഫൂര്‍ കൊലപാതക കേസില്‍ അറസ്റ്റിലായ ഷമീനയുടേയും ഭര്‍ത്താവ് ഉബൈസിന്‍റേയും സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനുള്ള തീരുമാനത്തില്‍ അന്വേഷണ സംഘം. പണം കൈകാര്യം ചെയ്ത വ്യക്തികളെ അടക്കം കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. കൂളിക്കുന്ന് സ്വദേശിയായ ഷമീന നാട്ടില്‍ ദുര്‍മന്ത്രവാദം നടത്താറുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മന്ത്രവാദി കെ എച്ച് ഷമീന, ഭര്‍ത്താവ് ഉബൈസ് എന്നിവരുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുക. പണം വന്ന വഴികള്‍, കൈകാര്യം ചെയ്ത വ്യക്തികള്‍ തുടങ്ങിയവയെല്ലാം വിശദമായി പരിശോധിക്കും. പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ള ഷമീന വളരെ വേഗം സമ്പന്നയായത് മന്ത്രവാദത്തിലൂടെയും സ്വര്‍ണ്ണ ഇരട്ടിപ്പ് തട്ടിപ്പിലൂടെയുമാണെന്നാണ് കണ്ടെത്തല്‍. കൂളിക്കുന്നിലെ വലിയ വീട്ടിലാണ് ഷമീനയും ഉബൈസും താമസിക്കുന്നത്.

ജിന്നുമ്മ എന്നറിയപ്പെടുന്ന ഷമീനയുടെ കൂളിക്കുന്നിലെ വീട്ടില്‍, ഒരാളിലധികം ഉയരത്തില്‍ മതില്‍ കെട്ടിയാണ് ആഭിചാര ക്രിയകള്‍ നടത്തിയിരുന്നത്. പക്ഷേ നാട്ടുകാര്‍ പറയുന്നത് ഇവിടേക്ക് അധികം ആളുകള്‍ എത്താറുണ്ടായിരുന്നില്ല എന്നാണ്. പണം സമ്പാദിക്കുക എന്ന ലക്ഷ്യം മാത്രം ഉള്ളത് കൊണ്ട് സമ്പന്നരെ കേന്ദ്രീകരിച്ചാണ് ആഭിചാരവും ദുര്‍മന്ത്രവാദവും സംഘം നടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇന്നലെ റിമാന്‍റിലായ നാല് പ്രതികളേയും കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കി. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിരിക്കുന്നത്. 

പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം സി അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തിൽ സംശയമുയർന്നു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker