കോതമംഗലം: മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. നവംബറിൽ പാത്രിയർക്കീസ് ബാവയെ കണ്ടതിനു ശേഷമേ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്ന്് അദ്ദേഹം പറഞ്ഞു.
കോതമംഗലം മാർത്തോമ ചെറിയപള്ളി പെരുന്നാൾ ദിനത്തിൽ മൂന്നിന്മേൽ കുർബാന മധ്യേ സന്ദേശം നൽകുന്നതിനിടെയാണ് അദ്ദേഹം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് മാറണമെന്ന താത്പര്യം സൂചിപ്പിച്ചത്. നിരണം ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനവും അതുമായി ബന്ധപ്പെട്ട പദവികളും അവകാശങ്ങളുമെല്ലാം ഉപേക്ഷിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
മികച്ച വാഗ്മിയും സഭയിലെ ജനകീയ മുഖവുമായ അദ്ദേഹം പല സന്ദർഭത്തിലും തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. ഇടതുമുന്നണിയുടെ വനിതാ മതിൽ അടക്കമുള്ള പല പരിപാടികളെയും പിന്തണച്ചിട്ടുള്ള മെത്രാപ്പോലീത്ത ഇടത് സഹ യാത്രികനായാണ് അറിയപ്പെടുന്നത്. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്്.
മെത്രാപ്പോലീത്താ ചുമതല ഉപേക്ഷിക്കാൻ ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി പ്രാർഥനയും സാമൂഹിക സേവനവും എഴുത്തും വായനയുമായി ശേഷിക്കുന്ന കാലം കഴിയാനാണ് തീരുമാനം.
നിരണം ഭദ്രാസനത്തിൽപ്പെട്ട മല്ലപ്പിള്ളി ആനിക്കാടുള്ള ദയറയിൽ തുടർന്ന് താമസിക്കാനാണ് താത്പര്യം. 58-കാരനായ ഗീവർഗീസ് മാർ കൂറിലോസ് 2006 ജൂലായ് മൂന്നിനാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്. 17 വർഷത്തിനു ശേഷമാണ് സ്ഥാനത്യാഗത്തിനൊരുങ്ങുന്നത്. പല പൊതു വിഷയങ്ങളിലും വിവാദങ്ങളിലും മുഖംനോക്കാതെ അഭിപ്രായം പറയുന്ന ഗീവർഗീസ് മാർ കൂറിലോസിന് വിശ്വാസി സമൂഹത്തിൽ മികച്ച പ്രതിച്ഛായയും സ്വാധീനവുമുണ്ട്.